ചന്ദ്രയാന്‍-3, 2020 ല്‍ തന്നെയെന്ന് ബഹിരാകാശ വകുപ്പ് സഹമന്ത്രി

ചന്ദ്രനില്‍ സോഫ്റ്റ് ലാന്റ് ചെയ്യാനുളള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ചന്ദ്രയാന്‍-2.

Update: 2019-12-31 17:33 GMT

ന്യൂഡല്‍ഹി: ചന്ദ്രനിലേക്കുള്ള മൂന്നാമത്തെ മിഷനായ ചന്ദ്രയാന്‍-3 2020 ആരംഭിക്കുമെന്ന് ബഹിരാകാശ വകുപ്പ് സഹമന്ത്രി ജിതേന്ദ്ര സിങ് പ്രഖ്യാപിച്ചു. ഒരു ലാന്ററും റോവറും മാത്രം ഉപയോഗിച്ച് ചന്ദ്രനില്‍ സോഫ്റ്റ് ലാന്റിങ് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്.

''ലാന്ററും റോവറും മാത്രം ഉപയോഗപ്പെടുത്തിയുള്ള പദ്ധതി 2020 ഓടെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം ചന്ദ്രയാന്‍ പദ്ധതി ഒരു പരാജയമായിരുന്നെന്ന് പറയാനാവില്ല. അതില്‍ നിന്ന് നാം ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ആദ്യ ശ്രമത്തില്‍ തന്നെ വിജയിച്ച ഒരു രാജ്യംപോലും ലോകത്തില്ല. അമേരിക്ക പോലും നിരവധി ശ്രമങ്ങള്‍ക്കൊടിവിലാണ് വിജയിച്ചത്''-ജിതേന്ദ്ര സിങ് പറഞ്ഞു.

ചന്ദ്രനില്‍ സോഫ്റ്റ് ലാന്റ് ചെയ്യാനുളള ഇന്ത്യയുടെ ആദ്യ ശ്രമമായിരുന്നു ചന്ദ്രയാന്‍-2. പക്ഷേ, 500 മീറ്റര്‍ മുകളില്‍ വച്ച് നിശ്ചയിച്ച പാതയില്‍ നിന്ന് 2.1 കിലോമീറ്റര്‍ അകലെ വാഹനം ഇടിച്ചിറങ്ങുകയായിരുന്നു.

വാഹനം ഇടിച്ചിറങ്ങിയെന്ന കാര്യം മാസങ്ങള്‍ക്കു ശേഷമാണ് ബഹിരാകാശ വകുപ്പ് ഔദ്യോഗികമായി പാര്‍ലമെന്റിനെ അറിയിച്ചത്.

ചന്ദ്രയാന്‍- 2 വിജയിച്ചിരുന്നെങ്കില്‍ ഇന്ത്യ ലാന്റിങ് വിജയകരമായി പൂര്‍ത്തിയാക്കുന്ന നാലാമത്തെ രാജ്യമാകുമായിരുന്നു. അമേരിക്ക, റഷ്യ, ചൈന എന്നിവയാണ് ഇതുവരെ ഈ നേട്ടം കൈവരിച്ച രാജ്യങ്ങള്‍. ലാന്റര്‍ നിര്‍ദ്ദിഷ്ട വേഗതയേക്കാള്‍ ഏറെ കുറഞ്ഞുപോയതാണ് പരാജയകാരണമെന്നാണ് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞത്.




Tags:    

Similar News