'ഓം ജയ് ജഗദീഷ് ഹരേ' പാടി ഇന്ത്യന്‍ സൈന്യത്തിന്റെ ബാന്‍ഡ്; മതേതര പാരമ്പര്യം ലഘിച്ചുവെന്ന് വിമര്‍ശനം

'ഒരു മതേതര രാഷ്ട്രത്തിന്റെ അവസാന കോട്ടയും ഇതോടെ വീണു' എന്നാണ് ഐപിഎസ് ഓഫീസര്‍ എന്‍സി അസ്താന ട്വിറ്ററില്‍ ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.

Update: 2021-09-19 16:39 GMT

ന്യുഡല്‍ഹി: ഹിന്ദു ഭക്തിഗാനമായ 'ഓം ജയ് ജഗദീഷ് ഹരേ' പാടുന്ന ഇന്ത്യന്‍ സൈന്യത്തിലെ ബാന്‍ഡ് സംഘത്തിന്റെ പ്രകടനത്തിനെതിരേ  എതിര്‍പ്പുമായി മുന്‍ സൈനികര്‍. സൈനികരുടെ ഭക്തിഗാനാലാപനത്തിന്റെയും ആരതിയുടേയും വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പാസിങ് ഔട്ട് പരേഡിന് ധരിക്കുന്ന വസ്ത്രങ്ങളും അടയാളങ്ങളും സഹിതമാണ് സൈനികര്‍ ഹിന്ദു ഭക്തിഗാനം ആലപിച്ചത്. സൈനികര്‍ മതചടങ്ങായ ആരതിയില്‍ പങ്കാളികളാകുകയും ചെയ്തു.സൈന്യത്തിന്റെ പരിപാടിയില്‍ മതഭക്തിഗാനം ഉള്‍പ്പെടുത്തിയത് രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെ ലംഘിച്ചു എന്ന വിമര്‍ശനവുമായി വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ രംഗത്തുവന്നു.


എന്നാല്‍ ഇത് പാസിങ് ഔട്ട് പരേഡ് അല്ലെന്നും വിവിധ റെജിമെന്റുകളിലെ സാധാരണ സംഭവമാണെന്നും സൈന്യത്തിന്റെ വക്താവ് കേണല്‍ സുധീര്‍ ചമോലി പ്രതികരിച്ചു. ഒരു ക്ഷേത്രത്തിന് പുറത്ത് ഒരു റെജിമെന്റിലാണ് ആരതി നടത്തുന്നതെന്നും അതില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യം എല്ലാ മതങ്ങള്‍ക്കും പരേഡുകള്‍ നടത്തുന്നു. മന്ദിര്‍ പരേഡ്, ഗുരുദ്വാര പരേഡ്, മസ്ജിദ് പരേഡ്, മുതലായവ. ഒരു റെജിമെന്റ് പ്രധാനമായും ക്രിസ്ത്യാനികളാണെങ്കില്‍, ക്രിസ്മസ് ഒരു റെജിമെന്റല്‍ ചടങ്ങാണ് - കേണല്‍ ചമോലി പറഞ്ഞതായി ടെലിഗ്രാഫ് ഉദ്ധരിച്ചു.


അതേസമയം ഇത് പാസിങ് ഔട്ട് പരേഡ് തന്നെയാണ് എന്നാണ് വിമര്‍ശനം ഉയരുന്നത്. പങ്കെടുത്തവര്‍ അധികവും യുവാക്കളാണ് എന്നതും അവര്‍ വഹിച്ച ആയുധങ്ങളും പാസിങ് ഔട്ട് പരേഡിന്റെ സൂചനയാണ് നല്‍കുന്നത്. പാസിങ് ഔട്ട് പരേഡ് നടക്കുന്ന ഡ്രില്‍ സ്‌ക്വയറിലാണ് ആരതി നടത്തിയതെന്നും വിമര്‍ശനം ഉന്നയിച്ചവര്‍ ചൂണ്ടിക്കാണിക്കുന്നു.


സൈന്യത്തില്‍ ഹിന്ദുത്വം അവതരിപ്പിക്കുന്നു എന്നല്ലാതെ മറ്റൊന്നും ആയി ഇതിനെ കാണാനാവില്ലെന്ന് കേണല്‍ (റിട്ടയേര്‍ഡ്) ഹരീന്ദര്‍ ചെന പറഞ്ഞതായി ടെലഗ്രാഫ് റിപോര്‍ട്ട് ചെയ്യുന്നു. 'ഒരു മതേതര രാഷ്ട്രത്തിന്റെ അവസാന കോട്ടയും ഇതോടെ വീണു' എന്നാണ് ഐപിഎസ് ഓഫീസര്‍ എന്‍സി അസ്താന ട്വിറ്ററില്‍ ഇതിനെ കുറിച്ച് അഭിപ്രായപ്പെട്ടത്.




Tags:    

Similar News