ഇന്ത്യന്‍ കൊവിഡ് വൈറസ് കൂടുതല്‍ മാരകം; നേപ്പാളിലെ കൊവിഡ് വ്യാപനത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തി നേപ്പാള്‍ പ്രധാനമന്ത്രി
കാഠ്മണ്ഡു: നേപ്പാളില്‍ കൊവിഡ് വ്യാപനത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി. പരിശോധന കൂടാതെ ഇന്ത്യയില്‍ നിന്നു തിരിച്ചെത്തുന്ന കുടിയേറ്റക്കാരിലൂടെയാണ് നേപ്പാളില്‍ രോഗവ്യാപനമുണ്ടാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ നടത്തിയ ഒരു ടെലിവിഷന്‍ അഭിമുഖത്തിലൂടെയാണ് പ്രധാനമന്ത്രി ഇന്ത്യക്കെതിരേ ഗുരുതരമായ ആരോപണമുയര്‍ത്തിയത്.
ഇന്ത്യയില്‍ നിന്ന് അതിര്‍ത്തി വഴി തിരിച്ചെത്തുന്ന നേപ്പാളി തൊഴിലാളികളെ ഇന്ത്യ താപ പരിശോധനയ്ക്കും കൊവിഡ് പരിശോധനയ്ക്കും വിധേയരാക്കുന്നില്ല. നേപ്പാളിലെ വൈറസ് വ്യാപനത്തിന് ഒന്നാമത്തെ കാരണം ഇതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
''ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ അനുസരിച്ച് അതിര്‍ത്തി കടക്കുന്നവരെ നിര്‍ബന്ധിത കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം. അതത് രാജ്യങ്ങളില്‍ സാമൂഹിക പ്രസരണം ഒഴിവാക്കാനുള്ള മാര്‍ഗം ഇതാണ്''-പ്രധാനമന്ത്രി പറഞ്ഞു.
''അതിര്‍ത്തി കടന്ന് നേപ്പാളിലെത്തുന്ന കുടിയേറ്റക്കാര്‍ നിലവിലുള്ള ആരോഗ്യ നിര്‍ദേശങ്ങളും നടപടികളും തകര്‍ത്തുകളയുന്നു. അവര്‍ ആവശ്യമായ പരിശോധന കൂടാതെയാണ് എത്തുന്നത് എന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുന്നുമുണ്ട്. പരിശോധനയുടെ കുറവ് നേപ്പാളില്‍ കൊവിഡ് വ്യാപനത്തിന് കാരണമാവുന്നു''- ഒലി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ആഴ്ച നേപ്പാളി പാര്‍ലമെന്റില്‍ നടന്ന ഒരു ചോദ്യോത്തര സെഷനില്‍ നേപ്പാളില്‍ രോഗബാധയ്ക്കു കാരണം ഇന്ത്യയാണെന്ന്് പ്രധാനമന്ത്രി ആരോപിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുളള വൈറസ്, ചൈനീസ് വൈറസിനേക്കാള്‍ മാരകമാണെന്നും അദ്ദേഹം പറഞ്ഞു.
നിയമവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ രാജ്യത്ത് എത്തുന്ന കുടിയേറ്റക്കാര്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. അവരെ ആവശ്യമായ പരിശോധന നടത്താതെ എത്താന്‍ സഹായിക്കുന്ന പ്രാദേശിക പാര്‍ട്ടി നേതാക്കള്‍ രാജ്യത്തെ അപകടപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ഒലി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
മറ്റ് തെക്കേഷ്യന്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ നേപ്പാള്‍ രോഗശമനത്തിന്റെയും മരണങ്ങളുടെയും കാര്യത്തില്‍ മെച്ചപ്പെട്ട നിലയിലാണെന്ന് ഒലി അവകാശപ്പെട്ടു.
കഴിഞ്ഞ ആഴ്ച നേപ്പാളില്‍ കൊവിഡ് രോഗികളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. നേപ്പാളില്‍ ഇതുവരെ 682 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 112 പേര്‍ രക്ഷപ്പെട്ടു. 4 പേര്‍ മരിച്ചു.