ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളിയെ പാക് നേവി വെടിവച്ചുകൊന്ന സംഭവം: നടുക്കടലില്‍ സംഭവിച്ചതെന്ത്?

Update: 2021-11-09 11:23 GMT

കടലില്‍ മല്‍സ്യബന്ധനത്തിനു പോയ ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ക്കുനേരെ പാകിസ്താന്‍ നേവി വെടിയുതിര്‍ത്തത് ഡീസല്‍ ഡാങ്കിലെ ചോര്‍ച്ച തീര്‍ക്കുമ്പോഴെന്ന് മരിച്ച തൊഴിലാളിയുടെ കുടുംബം സ്ഥിരീകരിച്ചു. പാക് നേവിയുടെ ആക്രമണത്തില്‍ നിന്ന് പെട്ടെന്ന് ഓടിയകലാന്‍ കഴിയാതിരുന്നതിനു പിന്നിലും ഡീസല്‍ ചോര്‍ച്ചയാണെന്ന് മരിച്ച തൊഴിലാളിയായ ശ്രീധറിന്റെ ഭാര്യാപിതാവ് നാംദേവ് മെഹര്‍ പറഞ്ഞു. പാക് സൈന്യം ആദ്യം വെടിയുതിര്‍ത്തപ്പോള്‍ ഒരു മല്‍സ്യബോക്‌സിനു പിന്നിലൊളിച്ചെങ്കിലും ശ്രീധറിന് രക്ഷപ്പെടാനായില്ല. 

ഗുജറാത്ത് തീരത്തിനു സമീപം പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) നടത്തിയ വെടിവയ്പിലാണ് മല്‍സ്യത്തൊഴിലാളിയായ മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ താനെ സ്വദേശി ശ്രീധര്‍ രമേഷ് ചാമ്‌രെ(32) കൊല്ലപ്പെട്ടത്. മറ്റൊരു തൊഴിലാളി ദിലീപിന് പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരമായിരുന്നു ഗുജറാത്ത് തീരത്ത് പ്രകോപനമില്ലാതെ ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ടിന് നേരേ പാക് സുരക്ഷാ ഏജന്‍സി വെടിവയ്പ്പ് നടത്തിയത്. വിവരങ്ങള്‍ പങ്കുവച്ച ശ്രീധറിന്റെ ഭാര്യാപിതാവ് നാംദേവ് മെഹര്‍ അതേ ബോട്ടിലുണ്ടായിരുന്നു.

പാകിസ്താന്‍ ബോട്ട് കണ്ട ഉടന്‍ വേഗത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വേഗത കിട്ടിയില്ല. പരിശോധനയില്‍ ഡീസല്‍ പമ്പിന്റെ നോസിലില്‍ ചോര്‍ച്ച കണ്ടു. ശ്രീധര്‍ എഞ്ചിന്‍ റൂമിലേക്ക് ഇഴഞ്ഞുകയറി ചോര്‍ച്ച ശരിയാക്കാനുള്ള ശ്രമം നടത്തി. കൈയില്‍ മാറ്റിയിടാന്‍ നോസില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഒരു പ്ലാസ്റ്റിക് കുപ്പി ഉപയോഗിച്ച് ചോര്‍ച്ച അടക്കാന്‍ ശ്രമിച്ചു. കുറച്ചുനേരത്തിനുളളില്‍ ലീക്ക് താല്‍ക്കാലികമായി നിലച്ചു. ആ സമയത്താണ് കാബിനിലുണ്ടായിരുന്ന ദിലീപിനും ശ്രീധറിനും വെടിയേറ്റത്.

രണ്ട് പാക് സ്പീഡ് ബോട്ടുകളാണ് തൊഴിലാളികളെ പിന്തുടര്‍ന്നത്. ഭയം കൂടാതെ ദിലീപ് ബോട്ട് നാല്‍പ്പത് മിനിറ്റോളം ഓടിച്ചതുകൊണ്ടാണ് രക്ഷ കിട്ടിയത്. അതിനിടയില്‍ പാക് സ്പീഡ് ബോട്ടുകള്‍ തിരിച്ചുപോയി.

അവര്‍ പോയശേഷമാണ് ശ്രീധര്‍ അനക്കമില്ലാതെ കിടക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ബോധം പോയതാണെന്നാണ് കരുതിയത്. മൂക്കില്‍ നിന്ന് രക്തം വന്നിരുന്നു. പിന്‍ഭാഗത്താണ് വെടിയേറ്റത്. മറ്റൊന്ന് നെഞ്ചിലും പതിച്ചു. ആകെ മൂന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തു.

എല്ലാം കഴിഞ്ഞ് ഓഖ തുറമുഖത്ത് ഞായറാഴ്ച മൂന്ന് മണിയോടെ മല്‍സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി.

ഓഖയില്‍നിന്ന് ഒക്ടോബര്‍ 25ന് മല്‍സ്യബന്ധനത്തിന് പോയ 'ജല്‍പാരി' എന്ന ബോട്ടില്‍ ഏഴ് പേരാണുണ്ടായിരുന്നത്. അഞ്ചുപേര്‍ ഗുജറാത്തുകാരും രണ്ടുപേര്‍ മഹാരാഷ്ട്രക്കാരുമായിരുന്നു. മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പോര്‍ബന്തര്‍ നവിബന്തര്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

12 നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറം സംഭവിക്കുന്ന ഏത് സംഭവത്തിനും ഗുജറാത്തിലുടനീളം അധികാരപരിധിയുള്ള സ്‌റ്റേഷനാണ് പോര്‍ബന്തര്‍ നവിബന്തര്‍. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്(ഐസിജി) അറിയിച്ചു. പാക് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് പരിക്കേറ്റുവെന്നും കോസ്റ്റ് ഗാര്‍ഡും സ്ഥിരീകരിച്ചു. അതേസമയം, ആറുപേരെ അറസ്റ്റ് ചെയ്തുവെന്ന് പാകിസ്താന്‍ വെളിപ്പെടുത്തിയിരുന്നു. അക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

വെടിയുണ്ടകള്‍ പതിക്കുമ്പോള്‍ ബോട്ടിന്റെ കാബിനിലായിരുന്നു ചമ്രെയെന്ന് മല്‍സ്യബന്ധന ബോട്ടിന്റെ ഉടമ ജയന്തിഭായ് റാത്തോഡ് നേരത്തെ പറഞ്ഞിരുന്നു.

ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് നേരേ പാകിസ്താന്‍ വെടിയുതിര്‍ക്കുകയും ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ തടവിലിടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

Tags:    

Similar News