പാക് വെടിവയ്പ്പില്‍ മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവം ഗൗരവതരം; ശക്തമായി അപലപിച്ച് ഇന്ത്യ
പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) നടത്തിയ വെടിവയ്പിലാണ് മല്‍സ്യത്തൊഴിലാളിയായ മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ താനെ സ്വദേശി ശ്രീധര്‍ രമേഷ് ചാമ്‌രെ(32) കൊല്ലപ്പെട്ടത്.
ന്യൂഡല്‍ഹി: ഗുജറാത്ത് തീരത്തിന് സമീപം അറബിക്കടലിലുണ്ടായ പാക് വെടിവയ്പ്പില്‍ മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. വിഷയം ഗൗരവമായാണ് കാണുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. നയതന്ത്രതലത്തില്‍ വിഷയം ഏറ്റെടുക്കാന്‍ പോവുകയാണ്. അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഇന്ത്യന്‍ പ്രതിനിധിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പാകിസ്താന്‍ മാരിടൈം സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) നടത്തിയ വെടിവയ്പിലാണ് മല്‍സ്യത്തൊഴിലാളിയായ മഹാരാഷ്ട്ര പാല്‍ഘര്‍ ജില്ലയിലെ താനെ സ്വദേശി ശ്രീധര്‍ രമേഷ് ചാമ്‌രെ(32) കൊല്ലപ്പെട്ടത്.
പരിക്കേറ്റ മറ്റൊരു മല്‍സ്യത്തൊഴിലാളി ഗുജറാത്തിലെ ഓഖയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ശനിയാഴ്ച വൈകുന്നേരമായിരുന്നു ഗുജറാത്ത് തീരത്ത് പ്രകോപനമില്ലാതെ ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ടിന് നേരേ പാക് സുരക്ഷാ ഏജന്‍സി വെടിവയ്പ്പ് നടത്തിയത്. ശ്രീധറിന്റെ മൃതദേഹം ഇന്നലെ ഓഖ തുറമുഖത്തെത്തിച്ചു. ഓഖയില്‍നിന്ന് ഒക്ടോബര്‍ 25ന് മല്‍സ്യബന്ധനത്തിന് പോയ 'ജല്‍പാരി' എന്ന ബോട്ടില്‍ ഏഴ് പേരാണുണ്ടായിരുന്നതെന്ന് ദേവഭൂമി ദ്വാരക പോലിസ് സൂപ്രണ്ട് സുനില്‍ ജോഷി പറഞ്ഞു. അഞ്ചുപേര്‍ ഗുജറാത്തുകാരും രണ്ടുപേര്‍ മഹാരാഷ്ട്രക്കാരുമായിരുന്നു. മല്‍സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ പോര്‍ബന്തര്‍ നവിബന്തര്‍ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
12 നോട്ടിക്കല്‍ മൈലുകള്‍ക്കപ്പുറം സംഭവിക്കുന്ന ഏതൊര് സംഭവത്തിനും ഗുജറാത്തിലുടനീളം അധികാരപരിധിയുള്ള സ്‌റ്റേഷനാണ് പോര്‍ബന്തര്‍ നവിബന്തര്‍. കേസില്‍ അന്വേഷണം നടന്നുവരികയാണെന്ന് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്(ഐസിജി) അറിയിച്ചു. പാക് വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും ഒരാള്‍ക്ക് പരി ക്കേറ്റുവെന്നും കോസ്റ്റ് ഗാര്‍ഡും സ്ഥിരീകരിച്ചു. അതേസമയം, ആറുപേരെ അറസ്റ്റ് ചെയ്തുവെന്ന പാകിസ്ഥാന്റെ അവകാശവാദത്തിനു സ്ഥിരീകരണമില്ലെന്ന് ഐസിജി വൃത്തങ്ങള്‍ അറിയിച്ചു.
വെടിയുണ്ടകള്‍ പതിക്കുമ്പോള്‍ ബോട്ടിന്റെ കാബിനിലായിരുന്നു ചമ്രെയെന്ന് മല്‍സ്യബന്ധന ബോട്ടിന്റെ ഉടമ ജയന്തിഭായ് റാത്തോഡ് പറഞ്ഞു. മൂന്ന് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ നെഞ്ചില്‍ പതിക്കുകയും തുടര്‍ന്ന് അദ്ദേഹം മരിക്കുകയും ചെയ്തു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് നേരേ പാകിസ്താന്‍ വെടിയുതിര്‍ക്കുകയും ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ തടവിലിടുകയും ചെയ്യുന്ന സംഭവങ്ങള്‍ ഇടയ്ക്കിടെ റിപോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.