ഡോര്‍ട്ട്മുണ്ട്: സ്ലൊവാക്യക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റില്‍ ഗോളടിച്ച് ഇംഗ്ലണ്ടിന്റെ രക്ഷകനായ ജൂഡ് ബെല്ലിങ്ഹാമിനെതിരെ യുവേഫ അന്വേഷണം. ഗോള്‍ നേടിയ ശേഷം ബെല്ലിങ്ഹാം അശ്ലീല ആംഗ്യം കാണിച്ചെന്ന പരാതിയിലാണ് യൂറോപ്യന്‍ ഫുട്ബാള്‍ അസോസിയേഷന്റെ ഇടപെടല്‍. ബെല്ലിംഗ്ഹാമിന്റേത് മാന്യമായ പെരുമാറ്റ നിയമത്തിന്റെ ലംഘനമായിരുന്നോയെന്ന് യുവേഫ നിയമിച്ച ഡിസിപ്ലിനറി ഇന്‍സ്‌പെക്ടര്‍ പരിശോധിക്കും.
നിശ്ചിത സമയം പിന്നിടുമ്പോള്‍ ഇംഗ്ലണ്ട് ഒരു ഗോളിന് പിറകിലായിരുന്നു. മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ ശേഷിക്കെയാണ് ബെല്ലിങ്ഹാം ബൈസിക്കിള്‍ കിക്കിലൂടെ പന്ത് വലയിലെത്തിച്ചത്. ഗോള്‍ ആഘോഷിക്കുമ്പോള്‍ കൈ ജനനേന്ദ്രിയത്തിന് നേരെ വെച്ചെന്നാണ് ആരോപണമുയര്‍ന്നത്.
ബെല്ലിങ്ഹാമിന്റെ ഗോളില്‍ സമനില പിടിച്ചതോടെ മത്സരം അധിക സമയത്തേക്ക് നീളുകയും ക്യാപ്റ്റന്‍ ഹാരി കെയ്‌നിന്റെ ഹെഡര്‍ ഗോളില്‍ ഇംഗ്ലണ്ട് യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലിയെ പരാജയപ്പെടുത്തിയെത്തുന്ന സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിന്റെ എതിരാളികള്‍.