ഇന്ത്യന്‍ ഭരണകൂടം മുസ്‌ലിംകളോട് വിവേചനം കാണിക്കുന്നു: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

2014 ല്‍ മോദി അധികാരത്തില്‍ വന്നതിനുശേഷം മതന്യൂനപക്ഷങ്ങളോടുള്ള വിവേചനം നിയമാനുസൃതമാക്കുകയും അക്രമാസക്തമായ ഹിന്ദു ദേശീയതക്ക് അംഗീകാരം നല്‍കുകയുമാണ് ചെയ്തത്

Update: 2021-02-20 03:47 GMT

അങ്കാറ: ഇന്ത്യന്‍ ഭരണകൂടം മുസ്‌ലിംകളോട് വിവേചനം കാണിക്കുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്ആര്‍ഡബ്ല്യു) വിമര്‍ശിച്ചു. മുസ്‌ലിംകളോട് വ്യവസ്ഥാപിതമായി വിവേചനം കാണിക്കുകയും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ പീഡിപ്പിക്കുകയുമാണ്.ഇത്തരത്തിലുള്ള നിയമങ്ങളും നയങ്ങളുമാണ് ഇന്ത്യന്‍ ഭരണകൂടം തുടരുന്നതെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ എച്ച്ആര്‍ഡബ്ല്യു ആരോപിച്ചു.


ഡല്‍ഹി കലാപത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ സമയത്താണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം സംബന്ധിച്ച് എച്ച്ആര്‍ഡബ്ല്യു റിപോര്‍ട്ട് പുറത്തുവിട്ടത്. ഡല്‍ഹി കലാപത്തില്‍ 'ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടി നേതാക്കള്‍ അക്രമത്തിന് പ്രേരിപ്പിച്ചുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ആക്രമണത്തിന് പങ്കാളികളാണെന്നും ആരോപണമുണ്ട്. എന്നാല്‍ വിശ്വസനീയവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുന്നതിനുപകരം അധികൃതര്‍ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭകരെ ലക്ഷ്യമിടുകയാണ് - ' റിപ്പോര്‍ട്ടില്‍ പറയുന്നു.


'പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിജെപി 'മുസ്‌ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ആക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. മാത്രമല്ല, അക്രമികള്‍ക്ക് രാഷ്ട്രീയ പിന്തുണയും വര്‍ഗീയതയ്ക്ക് സംരക്ഷണവും നല്‍കുന്നു,' എച്ച്ആര്‍ഡബ്ല്യു സൗത്ത് ഏഷ്യ ഡയറക്ടര്‍ മീനാക്ഷി ഗാംഗുലി പറഞ്ഞു.


2014 ല്‍ മോദി അധികാരത്തില്‍ വന്നതിനുശേഷം മതന്യൂനപക്ഷങ്ങളോടുള്ള വിവേചനം നിയമാനുസൃതമാക്കുകയും അക്രമാസക്തമായ ഹിന്ദു ദേശീയതക്ക് അംഗീകാരം നല്‍കുകയുമാണ് ചെയ്തത്. 'ഈ പ്രവര്‍ത്തനങ്ങള്‍ ആഭ്യന്തര നിയമത്തെയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമപ്രകാരം ഇന്ത്യയുടെ ബാധ്യതകളെയും ലംഘിക്കുന്നു. ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന വംശം, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം അവസാനിപ്പിക്കണമെന്നും എല്ലാവര്‍ക്കും നിയമത്തിന്റെ തുല്യ പരിരക്ഷ നല്‍കണമെന്നും ആവശ്യപ്പെടുന്നതായും എച്ച്ആര്‍ഡബ്ല്യു പറഞ്ഞു. മതപരവും മറ്റ് ന്യൂനപക്ഷവുമായ ജനങ്ങളെ സംരക്ഷിക്കാനും അവര്‍ക്കെതിരായ വിവേചനത്തിനും അക്രമത്തിനും ഉത്തരവാദികളായവരെ പൂര്‍ണ്ണമായും ന്യായമായും വിചാരണ ചെയ്യാനും ഇന്ത്യന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ് എന്നും എച്ച്ആര്‍ഡബ്ല്യു ഓര്‍മിപ്പിച്ചു.







Tags:    

Similar News