ഒളിംപിക്‌സ് മെഡല്‍ അമ്മയുടെ കഴുത്തിലണിയിച്ചു, പിന്നെ മടിയില്‍ തലവെച്ച് കിടന്നു; ഏറ്റവും വലിയ പ്രചോദനം അമ്മയെന്ന് മന്‍പ്രീത് സിങ്
'അമ്മയുടെ പുഞ്ചിരി കാണുകയും എന്നെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യുമ്പോള്‍ ആ പുഞ്ചിരി എന്നിലേക്കും പടരുന്നു. അമ്മയില്ലാതെ ഞാനിവിടെ എത്തില്ല'
ന്യൂഡല്‍ഹി: 41 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടി നാടിന്റെ യശസ്സുയര്‍ത്തിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ മന്‍പ്രീത് സിങ് നാട്ടിലെത്തിയ ഉടനെ കണ്ടത് മാതാവിനെ. പഞ്ചാബിലെ ജലന്ധറിലുള്ള മിതാപൂര്‍ ഗ്രാമത്തിലെ വീട്ടിലെത്താന്‍ കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. അമ്മയെ കണ്ടമാത്രയില്‍ രാജ്യം ഏറെ വിലമതിക്കുന്ന ആ ഒളിംപിക്‌സ് മെഡല്‍ കഴുത്തില്‍ ചാര്‍ത്തി. പിന്നെ കൊച്ചുകുട്ടിയെപ്പോലെ അമ്മയുടെ മടിയില്‍ തലചായ്ച്ച് കിടന്നു. മെഡല്‍നേട്ടത്തിനു ശേഷം ഇതില്‍ പരം സായൂജ്യമുണ്ടായ വേറെ നിമിഷമില്ലെന്ന് മന്‍പ്രീത് പറഞ്ഞു.
'അമ്മയുടെ പുഞ്ചിരി കാണുകയും എന്നെക്കുറിച്ച് അഭിമാനിക്കുകയും ചെയ്യുമ്പോള്‍ ആ പുഞ്ചിരി എന്നിലേക്കും പടരുന്നു. അമ്മയില്ലാതെ ഞാനിവിടെ എത്തില്ല' 'ട്വിറ്ററില്‍ ഫോട്ടോ പങ്കിട്ട ശേഷം ഇന്ത്യന്‍ ഹോക്കി ടീം ക്യാപറ്റന്‍ എഴുതി. അമ്മയെ സ്‌നേഹിക്കുക, എന്ന ഹാഷ്ടാഗോടെ മന്‍പ്രീതിന്റെ ട്വീറ്റ് ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്.