ഗള്‍ഫില്‍ നിന്ന് പ്രവാസികളെ തിരിച്ചെത്തിക്കാന്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ തയ്യാറാക്കിനിര്‍ത്തുമെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: ഗള്‍ഫില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കാന്‍ മൂന്ന് യുദ്ധക്കപ്പലുകള്‍ തയ്യാറാക്കിനിര്‍ത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍. നേവിയുടെ അധീനതയിലുള്ള ഐഎന്‍എസ് ജലസ്വയും മാഗര്‍ ക്ലാസ് വിഭാഗത്തില്‍ വരുന്ന രണ്ട് കപ്പലുകളുമാണ് ഉപയോഗിക്കുക. ഐഎന്‍എസ് ജലസ്വ വിശാഖപ്പട്ടണത്തും മാഗര്‍ ക്ലാസ് യുദ്ധക്കപ്പലുകള്‍ കൊച്ചിയിലെ സതേണ്‍ നേവല്‍ കമാന്റിലുമാണ് ഉള്ളത്.
ഉത്തരവ് ലഭിച്ചാല്‍ ഉടന്‍ പോകാന്‍ തയ്യാറായാണ് മൂന്നു കപ്പലുകളുമെന്നാണ് ലഭിക്കുന്ന വിവരം. വേണ്ടി വന്നാല്‍ കരസേനയെ സഹായിക്കാന്‍ ഉപയോഗിക്കുന്ന കപ്പലാണ് മാഗര്‍ ക്ലാസ് വിഭാഗത്തിലുള്ളത്.
ഇന്ത്യന്‍ നേവിയോടും എയര്‍ ഇന്ത്യയോടും കൈവശമുള്ള വിമാനങ്ങളും യുദ്ധക്കപ്പലുകളും തയ്യാറാക്കിനിര്‍ത്താനും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഗള്‍ഫില്‍ നിന്ന് വമ്പിച്ച തോതില്‍ പൗരന്മാരെ തിരിച്ചെത്തിക്കേണ്ടിവന്നാല്‍ ഇതും ഉപയോഗിക്കും.
മൂന്നു യുദ്ധക്കപ്പലുകൡലുമായി 1500 പേരെ തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് നേവി നല്‍കിയ റിപോര്‍ട്ടില്‍ ഉള്ളത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര ഭരണപ്രദേശങ്ങളിലെ മേധാവുകളുമായി പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങളെ കുറിച്ച് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്.
ഗള്‍ഫില്‍ കുടുങ്ങിയ ആയിരക്കണക്കിനു പേരാണ് രാജ്യത്തേക്ക് തിരികെയെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്.