വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ കൊവിഡ് ഉപദേശക സമിതിയുടെ കോ ചെയര്‍മാനായി ഇന്ത്യന്‍ വംശജന്‍. യുഎസ് സര്‍ജന്‍ ജനറലായ ചെയ്ത ഡോ. വിവേക് മൂര്‍ത്തിയെയാണ് ഉപദേശക സമിതിയുടെ മൂന്ന് കോ-ചെയര്‍മാരില്‍ ഒരാളായി നിയോഗിച്ചത്. 2014 ഡിസംബര്‍ 15 മുതല്‍ 2017 ഏപ്രില്‍ 21 വരെ ബരാക് ഒബാമ ഭരണത്തിന്‍ കീഴില്‍ 19-ാമത് സര്‍ജന്‍ ജനറലായി മൂര്‍ത്തി സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് ട്രംപ് ഭരണകൂടം അദ്ദേഹത്തോട് സ്ഥാനമൊഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഒബാമയുടെ കാലത്ത് സര്‍ജന്‍ ജനറലായിരിക്കെ, കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് പൊതുജനാരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ സംഘത്തില്‍ ഡോ. മൂര്‍ത്തിയുമുണ്ടായിരുന്നു.
യുഎസില്‍ ഇതുവരെ 236,000 പേര്‍ക്കാണ് കൊവിഡ് കാരണം ജീവന്‍ നഷ്ടപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഉടന്‍ തന്നെ ബൈഡന്‍ പ്രഖ്യാപിച്ച കാര്യങ്ങളിലൊന്ന് കൊവിഡിന്റെ വ്യാപനം ചെറുക്കാനുള്ള പദ്ധതിയാണ്. യുഎസിലെ 40 സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വാക്‌സിന്‍ വിതരണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള ചുമതലയും കൊവിഡ് ഉപദേശക സമിതിക്കാണ്.