രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നു

Update: 2020-12-05 18:22 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 96 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം റിപോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനുളളില്‍ രോഗബാധിതരുടെ എണ്ണം 36,652 ആയി. കൊവിഡ് രോഗികളുടെ എണ്ണം 50,000ത്തില്‍ താഴെ റിപോര്‍ട്ട് ചെയ്യുന്നത് ഇത് തുടര്‍ച്ചയായി 28ാം ദിവസമാണ്.

ആകെ കൊവിഡ് ബാധിതരുടെ എണ്ണം 96,08,211 ആയിട്ടുണ്ട്. അതില്‍ 4,09,689 പേര്‍ സജീവ രോഗികളാണ്. 90,58,822 പേര്‍ രോഗമുക്തരായി.

24 മണിക്കൂറിനുളളില്‍ 512 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ആകെ മരണം 1,39,700 ആയി.

ഡല്‍ഹിയില്‍ ശനിയാഴ്ച മാത്രം 3,419 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ ഇതുവരെ 5,89,544 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 4,916 പേരാണ് രോഗമുക്തരായത്. ശനിയാഴ്ച 77 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

മധ്യപ്രദേശില്‍ 1,352 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 12 പേര്‍ മരിച്ചു. 1,499 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ആകെ 2,13,050 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 1,96,192 പേര്‍ രോഗമുക്തരായി. ഇതുവരെ 3,326 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സജീവ രോഗികള്‍ 13,532.

പശ്ചിമബംഗാളില്‍ 3,175 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 3,207 പേര്‍ രോഗമുക്തരായി. 49 പേര്‍ മരിച്ചു.

ഹിമാചല്‍ പ്രദേശില്‍ പുതുതായി 905 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 945 പേര്‍ രോഗമുക്തരായി. 24 മണിക്കൂറിനുള്ളില്‍ 13 പേര്‍ മരിച്ചു. ഹിമാചല്‍പ്രദേശില്‍ ആകെ രോഗബാധിതര്‍ 44,405 ആയി.

കര്‍ണാടകയില്‍ 1,325 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 709 എണ്ണവും ബംഗളൂരിവില്‍ നിന്നാണ്. 1,400 പേര്‍ ആശുപത്രി വിട്ടു. 12 പേര്‍ ഇന്ന് മരിച്ചു.

ഏതാനും ആഴ്ചയ്ക്കുള്ളില്‍ കൊവിഡ് വാക്‌സിന്‍ രാജ്യത്ത് വിതരണത്തിന് തയ്യാറാവുമെന്ന് പ്രധാനമന്ത്രി മോദി ഇന്ന് നടന്ന രാഷ്ട്രീയപാര്‍ട്ടികളുടെ യോഗത്തില്‍ പറഞ്ഞു. ശാസ്ത്രജ്ഞര്‍ പച്ചക്കൊടി കാണിച്ചാല്‍ ഉടന്‍ വാക്‌സിന്‍ വിതരണം തുടങ്ങുമെന്നാണ് സൂചന.

Tags:    

Similar News