വെള്ളം നിറഞ്ഞ കന്നാസില്‍ നവജാത ശിശുവിന്റെ മൃതദേഹം, മാതാപിതാക്കള്‍ കൊന്നതെന്ന് നാട്ടുകാര്‍; അസ്വാഭാവിക മരണത്തിനു കേസ്‌

അഞ്ചു മക്കളുള്ള മാതാപിതാക്കള്‍ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു

Update: 2021-12-09 04:32 GMT

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ നവജാതശിശുവിനെ ദുരൂഹസാഹചര്യത്തില്‍ കുളിമുറിയില്‍ വെള്ളം നിറഞ്ഞ കന്നാസില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടക്കുന്നം മുക്കാലിയില്‍ മൂത്തേടത്തുമലയില്‍ സുരേഷിനും നിഷയ്ക്കും ഞായറാഴ്ച ജനിച്ച കുഞ്ഞിനെയാണ് മരിച്ചനിലയില്‍ കണ്ടത്തിയത്. അഞ്ചു മക്കളുള്ള മാതാപിതാക്കള്‍ ആറാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. രാവിലെ വീട്ടില്‍ നിന്നും കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട അയല്‍വാസിയായ സ്ത്രീ വിവരം പ്രദേശത്തെ ആശാ വര്‍ക്കറെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആശാ വര്‍ക്കര്‍ വിവരം കാഞ്ഞിരപ്പള്ളി പോലിസിനെ അറിയിച്ചു. സ്ഥലത്ത് എത്തിയ പോലിസ് സംഘം നടത്തിയ പരിശോധനയിലാണ് കന്നാസില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ കുഞ്ഞിന്റെ കരച്ചില്‍ കേട്ട് വീട്ടിലെത്തിയ അയല്‍വാസിയായ സ്ത്രീയെ വീട്ടില്‍ എല്ലാവര്‍ക്കും കൊവിഡ് ആണെന്നു പറഞ്ഞ് നിഷ തിരിച്ചയച്ചിരുന്നു. സംഭവസമയത്ത് നിഷയും കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പെയിന്റിങ്ങ് തൊഴിലാളിയായ ഭര്‍ത്താവ് സുരേഷ് പണിക്കു പോയിരുന്നു. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ കന്നാസിലിടാന്‍ മൂത്തകുട്ടിയോടു താന്‍ പറഞ്ഞതാണെന്നു നിഷ പോലിസിന് മൊഴി നല്‍കി.

അസ്വാഭാവിക മരണത്തിനു കേസെടുത്ത് നിഷയെ പോലിസ് നിരീക്ഷണത്തില്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. ഇന്‍ക്വസ്റ്റ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം ഇന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തും. അന്വേഷണത്തിന് ശേഷം മാത്രമേ വിഷയത്തില്‍ കൃത്യമായ നിലപാട് പറയാനാകൂ എന്നും കാഞ്ഞിരപ്പള്ളി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ പറഞ്ഞു.

Tags:    

Similar News