അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം പിടിയില്‍; പിടിയിലായതില്‍ നാല്‍പ്പതോളം കേസുകളിലെ പ്രതിയും

ഒന്നാം പ്രതിയായ വിജയന്‍ എന്ന കട്ടി വിജയന്‍ 2007ല്‍ മാവൂര്‍ സ്വദേശി വിഭാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു

Update: 2021-08-22 01:34 GMT

കോഴിക്കോട്: അന്തര്‍ സംസ്ഥാന കവര്‍ച്ചാ സംഘം കോഴിക്കോട് സിറ്റി പോലിസിന്റെ പിടിയിലായി. വിവിധ സംസ്ഥാനങ്ങളിലായി നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ വയനാട് അമ്പലവയല്‍ സ്വദേശി വിജയന്‍, നടക്കാവ് സ്വദേശി ഭവീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 26ന് വീട് കുത്തിത്തുറന്ന് നാല്‍പ്പത്തി നാലര പവന്‍ സ്വര്‍ണം കവര്‍ച്ച ചെയ്ത് കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്.


കോഴിക്കോട് മെഡിക്കല്‍ കോളെജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സ്വപ്‌ന നമ്പ്യാരുടെ മലാപ്പറമ്പിലെ വീട് കുത്തിത്തുറന്ന് 42.5 പവന്‍ കവര്‍ച്ച നടത്തിയ കേസുമായി ബന്ധപ്പെട്ട് ചേവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിജയനും ഭവീഷും പിടിയിലായത്. കവര്‍ച്ചാ സംഘത്തെ പിടികൂടാനായി മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.


ഒന്നാം പ്രതിയായ വിജയന്‍ എന്ന കട്ടി വിജയന്‍ 2007ല്‍ മാവൂര്‍ സ്വദേശി വിഭാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. മെഡിക്കല്‍ കോളജ് പോലിസിന്റെ പിടിയിലായ ഇയാളും കൂട്ടാളികളും അന്ന് ലോക്കപ്പിന്റെ പിന്‍ഭാഗത്തെ ചുമര്‍ കുത്തിത്തുറന്ന് രക്ഷപ്പെടുകയായിരുന്നു. കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി വിജയന്റെ പേരില്‍ അഞ്ഞൂറോളം കേസുകളുണ്ടായിരുന്നതായി ചേവായൂര്‍ പോലിസ് പറഞ്ഞു. നാല്‍പതോളം കേസുകള്‍ നിലവിലുണ്ട്.


മോഷണ മുതല്‍ മേട്ടുപ്പാളയത്തെ മകളുടെ ഭര്‍ത്താവിന്റെ അച്ഛന്റെ കടയിലെത്തിച്ച് വില്‍ക്കുകയായിരുന്നു ഇയാളുടെ രീതി. ഇയാളുടെ സംഘത്തിലുളള കൂടുതല്‍ പേരെ പികിടൂടാനുളളതായി പോലിസ് പറഞ്ഞു. ചേവായൂര്‍ സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഷാന്‍, അഭിജിത് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് പ്രതികളെ പിടികൂടിയത്.




Tags:    

Similar News