മാധ്യമ പ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി

സെപ്തംബര്‍ ഏഴ് വരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം നിലനില്‍ക്കുമെന്ന് സുപ്രിംകോടതി അറയിച്ചു

Update: 2022-07-12 10:12 GMT

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി. സെപ്തംബര്‍ ഏഴ് വരെയാണ് ഇടക്കാല ജാമ്യം നീട്ടിയത്. മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം നിലനില്‍ക്കുമെന്ന് സുപ്രിംകോടതി അറയിച്ചു.

സീതാപൂരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി ഇടക്കാല ജാമ്യം നീട്ടിയത്. ഡല്‍ഹിയിലും ലഖീംപൂരിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതിനാല്‍ സുബൈറിന് പുറത്തിറങ്ങാന്‍ സാധിക്കില്ല.ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ആവശ്യപ്പെട്ടുള്ള സുബൈറിന്റെ ഹരജി പരിഗണിക്കുന്നത് പട്യാല ഹൗസ് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

മുഹമ്മദ് സുബൈറിനെതിരെ മറ്റൊരു കേസില്‍ കൂടി കഴിഞ്ഞ ദിവസം യുപി പോലിസ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ലഖീംപൂര്‍ ഖേരിയില്‍ ഒരു വര്‍ഷം മുമ്പ് ലഭിച്ച പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ വാറണ്ട് ഇറക്കിയത്. ട്വിറ്ററിലൂടെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് കാട്ടി ആശിശ് കുമാര്‍ കട്ടിയാര്‍ എന്നയാള്‍ നല്‍കിയ പരാതിയിലാണ് ലഖീംപൂര്‍ ഖേരി പോലിസിന്റെ പുതിയ നടപടി. ഇയാള്‍ സുദര്‍ശന്‍ ടിവിയിലെ ജീവനക്കാരനാണെന്ന് റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ ലഖിംപൂര്‍ കോടതി ഇന്നലെ സുബൈറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

2018ലെ ട്വീറ്റിന്റെ പേരിലാണ് മതവികാരം വ്രണപ്പെടുത്തി എന്ന കുറ്റം ചുമത്തി സുബൈറിനെ അറസ്റ്റ് ചെയ്തത്.1983 ലെ 'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവെച്ച് നടത്തിയ ട്വീറ്റിലാണ് അറസ്റ്റ് ചെയ്തത്.ഒരു പ്രത്യേക മതത്തിലെ ദൈവത്തെ ബോധപൂര്‍വം അപമാനിക്കുന്നതിനായി സുബൈര്‍ 'ചോദ്യം ചെയ്യുന്ന തരത്തിലുള്ള' ചിത്രം ട്വീറ്റ് ചെയ്തുവെന്നാരോപിച്ച് '@balajikijaiin' എന്ന ട്വിറ്റര്‍ ഉപയോക്താവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളര്‍ത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്.

Tags:    

Similar News