സമാധാന നൊബേല്‍: സാധ്യതാ പട്ടികയില്‍ ഇടംനേടി ആള്‍ട്ട് ന്യൂസ് സ്ഥാപകരായ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും
ന്യൂഡല്‍ഹി: സമാധാന നൊബേല്‍ സമ്മാനത്തിനുള്ള സാധ്യതാപട്ടികയില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരായ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും ഇടംനേടിയതായി റിപോര്‍ട്ടുകള്‍. റോയിട്ടേഴ്‌സ് സര്‍വേ പ്രകാരം ടൈം വെബ്‌സൈറ്റാണ് ഇവരെ നാമനിര്‍ദേശം ചെയ്ത വിവരം റിപോര്‍ട്ട് ചെയ്തത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരാണ് ഇരുവരും. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവിനെ ഒക്ടോബര്‍ 7 ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പ്രഖ്യാപിക്കും. 2018ലെ ട്വീറ്റിന്റെ പേരില്‍ ഇക്കഴിഞ്ഞ ജൂണില്‍ മുഹമ്മദ് സുബൈറിനെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷം പടര്‍ത്തുന്ന രീതിയിലുള്ള പ്രചാരണം നടത്തിയെന്നായിരുന്നു മുഹമ്മദ് സുബൈറിനെതിരായ എഫ്‌ഐആര്‍.
എന്നാല്‍, മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരേ ആഗോളതലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. സുപ്രിംകോടതി ജാമ്യം അനുവദിച്ചതിന് ശേഷം ഒക്ടോബറിലാണ് മുഹമ്മദ് സുബൈര്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. 1983ലെ 'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റര്‍ ഐഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ഡല്‍ഹി പോലിസിനെ ടാഗ് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത്. സുബൈറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഈ ട്വിറ്റര്‍ അക്കൗണ്ട് അപ്രത്യക്ഷമായിരുന്നു.
251 വ്യക്തികള്‍, 92 സംഘടനകള്‍ എന്നിവയാണ് സമാധാന നൊബേലിനുള്ള സാധ്യതാപട്ടികയിലിടം നേടിയിരിക്കുന്നത്. 'മനുഷ്യരാശിക്ക് ഏറ്റവും വലിയ നേട്ടം നല്‍കിയ'വര്‍ക്കാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കുന്നത്. അതേസമയം, ഇതുസംബന്ധിച്ച ഔദ്യോഗിക പട്ടിക നൊബേല്‍ കമ്മിറ്റി പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും ഗ്രെറ്റ തുന്‍ബെ, പോപ്പ് ഫ്രാന്‍സിസ്, മ്യാന്‍മര്‍ സര്‍ക്കാര്‍, യുക്രെയ്ന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി, ഐക്യരാഷ്ട്രസഭയുടെ റെഫ്യൂജി ഏജന്‍സി, ലോകാരോഗ്യ സംഘടന, റഷ്യന്‍ പ്രസിഡന്റിന്റെ സ്ഥിരം വിമര്‍ശകനായ അലക്‌സി നവാല്‍നി തുടങ്ങിയവര്‍ പട്ടികയിലുണ്ടെന്നാണ് റോയിട്ടേഴ്‌സ് നടത്തിയ സര്‍വേ പറയുന്നത്.