യുപി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കൊവിഡ് മരണങ്ങള്‍ ഒളിച്ചുവയ്ക്കുന്നു?: ശരിയായ വിവരങ്ങള്‍ നല്‍കാന്‍ ശാസനയോടെ അഡീഷണല്‍ ചീഫ് സെക്രട്ടറി
ലഖോനോ: ഉത്തര്‍പ്രദേശില്‍ ആരോഗ്യവകുപ്പും മുഖ്യമന്ത്രിയുടെ ഓഫിസും തമ്മില്‍ കൊവിഡ് മരണങ്ങളുടെ എണ്ണത്തെ കുറിച്ച് തര്‍ക്കം തുടങ്ങി. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മരണങ്ങളെ സംബന്ധിച്ച ശരിവായ വിവരം നല്‍കാതെ മുഖ്യമന്ത്രിയുടെ ഓഫിസിനെ തന്നെ തെറ്റിദ്ധരിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ചുമതലയുളള അഡീഷണല്‍ ചീഫ് സെക്രട്ടറി ആരോപിക്കുന്നത്. ആരോഗ്യവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ച കത്തിലാണ് അഡീ. ചീഫ് സെക്രട്ടറി ഈ ആരോപണം ഉന്നയിച്ചത്.
കഴിഞ്ഞ ജൂണ്‍ 17 ലെ മുഖ്യമന്ത്രിയുമായി നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തോടെയാണ് മരണങ്ങള്‍ മറച്ചുവയ്ക്കുന്നതായ സംശയം ഉയര്‍ന്നത്. അതിന് തൊട്ടു മുമ്പത്തെ ദിവസമായ ജൂണ്‍ 16ന് ആരോഗ്യവകുപ്പ് നല്‍കിയ റിപോര്‍ട്ടനുസരിച്ച് കൊവിഡ് മൂലം മരിച്ചത് 30 പേരാണ്. പക്ഷേ, കുറച്ചുകഴിഞ്ഞപ്പോഴേക്കും മരണസംഖ്യ കുറച്ചു. നേരത്തെ മരണങ്ങള്‍ കണക്കുകൂട്ടിയതില്‍ തെറ്റുവന്നെന്നും ഇപ്പോള്‍ അത് പരിഹരിച്ചുവെന്നുമായിരുന്നു വിശദീകണം.
ഈ വിശദീകരണം പുറത്തുവന്നതോടെയാണ് അഡി. ചീഫ്‌സെക്രട്ടറി എസ് പി ഗോയല്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ആരോഗ്യം അമിത് മോഹന്‍ പ്രസാദിന് കത്തെഴുതിയത്. ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്കും ചീഫ് മെഡിക്കല്‍ സൂപ്രണ്ടുമാര്‍ക്കും എഴുതി കണക്കുകള്‍ അപ്‌ഡേററ് ചെയ്യാനായിരുന്നു ആവശ്യപ്പെട്ടത്.
കണക്കുകള്‍ ശരിയാ രീതിയില്‍ അപ്‌ഡേറ്റ് ചെയ്യുന്നില്ലെന്ന കാര്യം മനസ്സിലായതായും അത് അപ്‌ഡേറ്റ് ചെയ്യാനുള്ള ബാധ്യത മെഡിക്കല്‍ സൂപ്രണ്ടുമാര്‍ക്കാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.