ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഇശല്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നു

Update: 2022-06-03 11:47 GMT

ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാ സംഘടനയായ ഇശല്‍ കലാവേദി പ്രശസ്ത ഗായകരെ അണിനിരത്തി 'അബീര്‍ ഇശല്‍ ഫെസ്റ്റ് 2022' സംഘടിപ്പിക്കുന്നു. ജൂലൈ ഒന്നിന് വെള്ളിയാഴ്ച്ച ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന മെഗാ ഇവന്റില്‍ പ്രമുഖ ഗായകരായ യുംന അജിന്‍, ഫാസിലാ ബാനു, ഷിഹാബ് ഷാന്‍ എന്നിവര്‍ അണിനിരക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

നാട്ടില്‍നിന്നെത്തുന്ന നബീലിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓക്കസ്ട്രയുടെ അകമ്പടിയോടെയായിരിക്കും പരിപാടി അരങ്ങേറുക.

കൂടാതെ ജിദ്ദയിലെ പ്രമുഖ കൊറിയോഗ്രാഫറായ അന്‍സിഫ് അബൂബക്കറിന്റെ നേതൃത്വത്തില്‍ നൃത്തവിരുന്നും ഉണ്ടാകും. ഇശല്‍ കലാകാരന്‍മാരുടെ സ്വാഗതഗാനത്തോടെയായിരിക്കും പരിപാടികള്‍ ആരംഭിക്കുകയെന്നും സംഘാടകര്‍ പറഞ്ഞു.

18 വര്‍ഷം മുന്‍പ് ജിദ്ദയിലെ കലാകാരന്‍മാരുടെ പുരോഗതിക്കും കലാ പ്രവര്‍ത്തനത്തിനുമായി രൂപീകരിക്കപ്പെട്ട ഇശല്‍ കലാ വേദിക്ക് ഇതിനകം നിരവധി കലാകാരന്‍മാരെ വാര്‍ത്തെടുക്കുന്നതിനും ഒട്ടനവധി പരിപാടികള്‍ സംഘടിപ്പിക്കാനും കഴിഞ്ഞതായി ഭാരവാഹികള്‍ പറഞ്ഞു. കൂടാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങുന്നതിനും സംഘടനക്കായിട്ടുണ്ട്. 

ജിദ്ദയിലെ കുട്ടികളുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിന് ഇശല്‍ സ്റ്റുഡന്റ്‌സ് ആര്‍ട്‌സ് ക്ലബ് എന്ന പേരില്‍ കുട്ടികള്‍ക്കായി ഒരു ക്ലബ് രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം അബീര്‍ ഇശല്‍ ഫെസ്റ്റ് വേദിയില്‍ നടത്തും. ജിദ്ദയിലെ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിവിധ കലകളില്‍ പരിശീലനം നടത്തുന്നതിനുള്ള ക്ലാസ് സംഘടിപ്പിക്കുകയാണ് ക്ലബിന്റെ ലക്ഷ്യം. അബീര്‍ ഇശല്‍ ഫെസ്റ്റിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ അമ്പത് ശതമാനം ഇന്ത്യന്‍ സ്‌കൂളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പഠന സഹായത്തിന് വിനിയോഗിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 

ഇശല്‍ കാലവേദി പ്രവര്‍ത്തകരുടെ കൂട്ടായുള്ള പ്രവര്‍ത്തന ഫലമായി ഫുട്‌ബോള്‍, ഒപ്പന, മൈലാഞ്ചി തുടങ്ങിയ മത്സരങ്ങളും ജിദ്ദയിലെ സാഹിത്യ, കലാ രംഗങ്ങളില്‍ കഴിവു തെളിയിച്ചവരെ ആദരിക്കാനും കഴിഞ്ഞിട്ടുണ്ട്. കലാവേദിയുടെ കീഴില്‍ ഹസീന അഷ്‌റഫ് പ്രസിഡന്റും ഷിജി ഷാഹുല്‍ സെക്രട്ടറിയും കദീജ ബഷീര്‍ ഖജാന്‍ജിയുമായുള്ള വനിതാവിങും പ്രവര്‍ത്തിച്ചു വരുന്നു. 

അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഇമ്രാന്‍, ഇശല്‍ കലാവേദി ഭാരവാഹികളായ അഹമ്മദ് ഷാനി, ഇബ്രാഹിം ഇരിങ്ങല്ലൂര്‍, ബഷീര്‍ തിരൂര്‍, ഷാജഹാന്‍ ഗുഡല്ലൂര്‍, ഇബ്രാഹിം കണ്ണൂര്‍, റഫീഖ് കൊണ്ടോട്ടി, ഹസീന അഷ്‌റഫ് മജീദ് നഹ എന്നിവര്‍ അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. 

Tags:    

Similar News