സിറിയയില്‍ ഇസ്രായേല്‍ വ്യോമാക്രമണം: 10 പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിലൂടെ 2011 മുതല്‍ 380,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനു പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്.

Update: 2020-09-14 15:11 GMT

ബെയ്‌റൂത്ത്: കിഴക്കന്‍ സിറിയയില്‍ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ അനുകൂല പോരാളികളായ 10 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ ഭൂരിഭാഗവും ഇറാഖികളാണ്. ഡീര്‍ എസ്സോര്‍ പ്രവിശ്യയിലെ അല്‍ബു കമല്‍ പട്ടണത്തിന് തെക്ക് ഭാഗത്ത് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ എട്ട് ഇറാഖികളും രണ്ട് സിറിയന്‍ പോരാളികളുമാണ് കൊല്ലപ്പെട്ടതെന്ന് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പറഞ്ഞു.നിരവധി വാഹനങ്ങളും ആക്രമണത്തില്‍ നശിച്ചു.

ദാഇഷ് ഗ്രൂപ്പിനെതിരായ പോരാട്ടത്തില്‍ കുര്‍ദിഷ് സേനയെ പിന്തുണച്ച് യുഎസ് നേതൃത്വത്തിലുള്ള സഖ്യം വര്‍ഷങ്ങളായി ഈ പ്രദേശത്ത് ഉണ്ട്. സെപ്റ്റംബര്‍ മൂന്നിന് കിഴക്കന്‍ സിറിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇറാന്‍ പിന്തുണയുള്ള 16 പോരാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനിയന്‍, ലെബനന്‍ ഹിസ്ബുല്ല സേനയെയും സര്‍ക്കാര്‍ സൈനികരെയും ലക്ഷ്യമിട്ട് 2011 ല്‍ ആഭ്യന്തരയുദ്ധം ഉണ്ടായതിനുശേഷം ഇസ്രായേല്‍ സിറിയയില്‍ നൂറുകണക്കിന് വ്യോമ, മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സിറിയയിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുന്നതിലൂടെ 2011 മുതല്‍ 380,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിനു പേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. 

Tags:    

Similar News