ഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്‌സി ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി

ഉപഭോക്താക്കളില്‍ 85 ശതമാനവും മുസ്ലിങ്ങള്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

Update: 2024-05-01 17:42 GMT

ക്വാലാലംപൂര്‍: ഗസയിലെ യുദ്ധത്തിന് പിന്നാലെ മലേഷ്യയില്‍ അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ കെ.എഫ്.സിയുടെ നൂറിലധികം ഔട്ട്ലെറ്റുകള്‍ അടച്ചുപൂട്ടി. ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിന് അമേരിക്ക പിന്തുണ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് ഒരു മാസത്തിലധികം കെഎഫ്‌സിയെ മലേഷ്യയില്‍ ബഹിഷ്‌കരിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് കെഎഫ്‌സിയുടെ നൂറിലധികം ഔട്ട്ലെറ്റുകള്‍ മലേഷ്യയില്‍ അടച്ചുപൂട്ടിയത്. ചൈനീസ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മലേഷ്യയിലുടനീളമുള്ള 600 ഔട്ട്ലെറ്റുകളില്‍ 108 എണ്ണം താത്കാലികമായി അടച്ചുപൂട്ടേണ്ടി വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അവയില്‍ കൂടുതലും മുസ്ലിം ഭൂരിപക്ഷമുള്ള കെലന്തന്‍ സംസ്ഥാനത്താണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാമ്പത്തിക വെല്ലുവിളികളാണ് ഔട്ട്ലെറ്റുകല്‍ അടച്ചുപൂട്ടുന്നതിലേക്ക് നയിച്ചത്. മലേഷ്യയിലെ കെഎഫ്‌സി ഔട്ട്ലെറ്റുകളില്‍ 18,000 ജീവനക്കാരാണ് ഉള്ളത്. രാജ്യത്തെ കെഎഫ്‌സി ഉപഭോക്താക്കളില്‍ 85 ശതമാനവും മുസ്ലിങ്ങള്‍ ആയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഗസയില്‍ ഇസ്രായേല്‍ നടത്തുന്ന വംശഹത്യക്ക് അമേരിക്ക നല്‍കിയ പിന്തുണയില്‍ പ്രതിഷേധിച്ചാണ് മുസ്ലിം ഭൂരിപക്ഷ രാജ്യമായ മലേഷ്യയില്‍ കെഎഫ്‌സിക്കെതിരെ ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായത്. ഇസ്രായേല്‍ സൈനികര്‍ക്ക് ഭക്ഷണം വിതരണം ചെയ്തെന്ന് മക്ഡൊണാള്‍ഡ്സ് ഫെബ്രുവരിയില്‍ നടത്തിയ പ്രസ്താവനക്ക് പിന്നാലെ അവര്‍ക്കെതിരെയും ബഹിഷ്‌കരണ ആഹ്വാനം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ബഹിഷ്‌കരണം തങ്ങളെ സാമ്പത്തികമായി തകര്‍ത്തെന്ന് മക്ഡൊണാള്‍ഡ്സ് പ്രതികരിച്ചിരുന്നു.

മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലാണ് സാമ്പത്തികമായി കൂടുതല്‍ തകര്‍ച്ച നേരിടേണ്ടി വന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഈ രാജ്യങ്ങളിലെ ബിസിനസ്സില്‍ യുദ്ധം ചെലുത്തുന്ന ആഘാതം നിരാശാജനകമാണെന്നാണ് മക്ഡൊണാള്‍ഡിന്റെ സി.ഇ.ഒ ക്രിസ് കെംപ്സിന്‍സ്‌കി ഫെബ്രുവരിയില്‍ പ്രതികരിച്ചത്. വര്‍ഷാവസാനത്തിന് മുമ്പ് പോലും വില്‍പ്പന വീണ്ടെടുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






Tags:    

Similar News