ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെട്ടു

Update: 2024-06-09 03:09 GMT

ഗസ: സെന്‍ട്രല്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ 200 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഗസ്സ സര്‍ക്കാര്‍ മീഡിയ ഓഫീസ്. ഗസ മുനമ്പില്‍ വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടത്. ഇത് സെന്‍ട്രല്‍ ഗസയിലെ ജനങ്ങള്‍ക്കിടയില്‍ കടുത്ത ഭീതിയുണ്ടാക്കിയിട്ടുണ്ട്.

ശനിയാഴ്ച സെന്‍ട്രല്‍ ഗസയിലെ ദേര്‍ എല്‍-ബാല, നുസ്രേത്ത് എന്നിവിടങ്ങളില്‍ നിരവധി വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. റഫയുടെ പടിഞ്ഞാറ്, കിഴക്ക്, വടക്ക് ഭാഗങ്ങളിലും ആക്രമണമുണ്ടായി. നിരവധി പേര്‍ ആക്രമണത്തില്‍ പരിക്കേറ്റ് അല്‍-അക്‌സ മാര്‍ട്ടിയര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ ഭൂരിപക്ഷവും കുട്ടികളും വനിതകളുമാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

പരിക്കേറ്റ പലരും നിലത്താണ് കിടക്കുന്നത്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തുടരുകയാണ്. ആശുപത്രികളില്‍ പ്രാഥമിക സൗകര്യം മാത്രമേയുള്ളു. മരുന്നുകള്‍ക്കും ഭക്ഷണത്തിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇന്ധനമില്ലാത്തതിനാല്‍ ആശുപത്രിയിലെ പ്രധാന ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. പരിക്കേറ്റ നിരവധി പേര്‍ ഇപ്പോഴും തെരുവുകളില്‍ കിടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.



ഹമാസിനെ ലക്ഷ്യമിടുന്നുവെന്ന പേരില്‍ മാസങ്ങള്‍ക്കിടെ ഗസ്സയില്‍ 8000 കുരുന്നുകളെ കൂട്ടക്കൊല നടത്തിയ ഇസ്രായേലിനെ കരിമ്പട്ടികയില്‍പെടുത്തി യു.എന്‍. ഒരു വര്‍ഷത്തിനിടെ കുട്ടികള്‍ക്കു നേരെയുള്ള അതിക്രമം കണക്കിലെടുത്താണ് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഇസ്രായേലിനെ കരിമ്പട്ടികയില്‍ പെടുത്തിയത്.



കുട്ടികളുടെ കുരുതിക്ക് പുറമെ അടിയന്തര സഹായ വാഹനങ്ങള്‍ക്ക് അനുമതി നിഷേധിക്കലും സ്‌കൂളും ആശുപത്രികളും തകര്‍ക്കലും ഇസ്രായേലിനെ പട്ടികയില്‍പെടുത്താന്‍ കാരണമായതായാണ് വിശദീകരണം. അടുത്തയാഴ്ച രക്ഷാസമിതിക്ക് മുമ്പാകെ അവതരിപ്പിക്കുന്ന റിപ്പോര്‍ട്ടിലാണ് ഇസ്രായേലിന്റെ പേരുള്ളത്. ഹമാസ്, ഫലസ്തീനിയന്‍ ഇസ്‌ലാമിക് ജിഹാദ് സംഘടനകളെയും യു.എന്‍ പട്ടികയിലുള്‍പ്പെടുത്തിയിട്ടുണ്ട്.






Tags:    

Similar News