ദുബയ്: ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യു.എ.ഇ സന്ദര്‍ശനം റദ്ദാക്കി. ഇന്നലെ അദ്ദേഹം യു.എ.ഇയില്‍ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ യു.എ.ഇ സന്ദര്‍ശനം റദ്ദാക്കിയതായി ഇസ്രായേല്‍ ഔദ്യോഗിക റേഡിയോ അറിയിച്ചു.
നെതന്യാഹു മാര്‍ച്ച് 11ന് യു.എ.ഇയില്‍ എത്തുമെന്നും അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തുമെന്നും ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. നെതന്യാഹുവിന്റെ യു.എ.ഇ സന്ദര്‍ശനം ഇസ്രായേലോ യു.എ.ഇയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ടായിരുന്നില്ല.