രാത്രിയില്‍ എന്തൊക്കെയോ തോന്നുന്നു, അത് വിളിച്ചു പറയുന്നു'; കെ സുരേന്ദ്രന്റെ പ്രതികരണങ്ങള്‍ മനോനില തെറ്റിയ അവസ്ഥയില്‍: മുഖ്യമന്ത്രി
ഓരോരുത്തരുടെ നിലവെച്ച് മറ്റുള്ളവരെ അളക്കരുത്. എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ പരാതിയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മാനസിക നില തെറ്റി പലതും വിളിച്ചുപറയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ ലൈഫ് മിഷനെ ചേര്‍ത്തുള്ള തട്ടിപ്പില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്ന സുരേന്ദ്രന്റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഒരു പാര്‍ട്ടിയുടെ അധ്യക്ഷന്‍ ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങള്‍ വിളിച്ചു പറയുകയാണ്. എന്താണ് ആ മാനസികാവസ്ഥ? എന്തെങ്കിലും വിളിച്ചുപറയുമ്പോള്‍ അതിന് അടിസ്ഥാനം വേണം. എന്തും വിളിച്ചു പറയാമെന്ന തരത്തിലേക്ക് കെ സുരേന്ദ്രന്‍ മാറിയെന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ കുറ്റപ്പെടുത്തി.
ഇത്രയും മാനസിക നില തെറ്റിയ ഒരാളെ പാര്‍ട്ടിയുടെ അധ്യക്ഷനായി നിര്‍ത്തുന്നല്ലോ എന്നത് അവര്‍ ആലോചിക്കേണ്ട കാര്യമാണ്. ഒരു ദിവസം രാത്രിയില്‍ എന്തൊക്കെയോ തോന്നുന്നു. വിളിച്ചു പറയുന്നു. ഇത് ഒരു പ്രത്യേക മാനസിക അവസ്ഥയാണ്. സുരേന്ദ്രന്റെ ആരോപണത്തില്‍ പത്ര സമ്മേളനത്തിലൂടെ കൂടുതല്‍ പറയാന്‍ തയ്യാറാവുന്നില്ല. സുരേന്ദ്രനോട് പറയേണ്ടതുണ്ട്. അത് ഇങ്ങനെയല്ല പറയേണ്ടത്. സുരേന്ദ്രനല്ല പിണറായി വിജയന്‍. അപവാദങ്ങള്‍ വിളിച്ചു പറയുമ്പോള്‍ അപവാദങ്ങള്‍ ആണെന്ന് തിരിച്ചറിയാന്‍ സമൂഹത്തിന് കഴിയണം. അഴിമതി തീണ്ടാത്ത എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഓരോരുത്തരുടെ നിലവെച്ച് മറ്റുള്ളവരെ അളക്കരുത്. എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ പരാതിയാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.