മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹരജി തള്ളണമെന്ന് വിജിലന്‍സ്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരായ മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ ഹരജി തള്ളണമെന്ന് വിജിലന്‍സ്. ധാതുമണല്‍ ഖനനത്തിന് സിഎംആര്‍എല്‍ കമ്പനിക്ക് വഴിവിട്ട് സഹായം നല്‍കിയെന്നും, പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ മകള്‍ക്ക് സിഎംആര്‍എല്‍ കമ്പനി മാസപ്പടി കൊടുത്തുവെന്നുമാണ് മാത്യു കുഴല്‍നാടന്റെ ഹരജി. എന്നാല്‍ ഈ ഹരജി നിലനില്‍ക്കില്ലെന്നും ആദായ നികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ തീരുമാനം വിജിലന്‍സിന്റെ പരിധിയില്‍ പരിശോധിക്കാനാകില്ലെന്നുമാണ് വിജിലന്‍സ് സ്വീകരിച്ച നിലപാട്.
മാത്യു കുഴല്‍നാടന്റെ ഹരജി ഇന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ വിജയന്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാത്യു കുഴല്‍ നാടന്‍ ഹരജി ഫയല്‍ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴല്‍നാടന്‍ ഹരജി സമര്‍പ്പിച്ചത്. ഹരജി ഫയലില്‍ സ്വീകരിക്കുന്നത് സര്‍ക്കാര്‍ അഭിഭാഷകന്‍ എതിര്‍ത്തിരുന്നു. എന്നാല്‍ കോടതി ഈ ആവശ്യം തള്ളി. പിന്നീട് സര്‍ക്കാര്‍ അഭിഭാഷകനോട് ഹരജിയില്‍ മറുപടി നല്‍കാന്‍ 15 ദിവസം സമയം അനുവദിക്കുകയായിരുന്നു.