ബിജെപി നേതാവിലെ വിളിച്ചതല്ല, സംഭാഷണം ചോര്‍ത്തിയതാണ് കുറ്റകൃത്യം; ബിജെപിക്കെതിരേ മമതാ ബാനര്‍ജി

Update: 2021-03-31 06:01 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ദിനത്തില്‍ ബിജെപി പുറത്തുവിട്ട ഓഡിയോ ക്ലിപ് വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബിജെപിയിലെയെന്നല്ല ആരെയും വിളിക്കാന്‍ ഒരാള്‍ക്ക് അവകാശമുണ്ട്. അതില്‍ കുറ്റകരമായി ഒന്നുമില്ലെന്ന് വിശദമാക്കിയ മമതാ ബാനര്‍ജി അത് ചോര്‍ത്തിയത് കുറ്റകരമാണെന്നും അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

മമത, ബിജെപി നേതാവിനെ വിളിച്ചെന്ന ആരോപണം ആദ്യം തൃണമൂല്‍ നിഷേധിച്ചിരുന്നു. ഓഡിയോ ക്ലിപ് പാര്‍ട്ടിയെ പ്രതിരോധത്തിലുമാക്കി. എന്നാല്‍ പിന്നീട് പാര്‍ട്ടി തീരുമാനമെടുത്ത് വിളിച്ച കാര്യം അംഗീകരിക്കുകയും അതില്‍ തെറ്റില്ലെന്ന് നിലപാടെടുക്കുകയുമായിരുന്നു. പഴയ സഹപ്രവര്‍ത്തനെയാണ് മമതാ ബാനര്‍ജി ഫോണിലൂടെ വിളിച്ചത്.

''ശരിയാണ് ഞാന്‍ നന്ദിഗ്രാമിലെ ബിജെപി നേതാവിനെ വിളിച്ചിരുന്നു. ഞാനുമായി സംസാരിക്കണമെന്ന്് ആരോ ആഗ്രഹം പ്രകടിപ്പിച്ചതായി അറിഞ്ഞു. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ മൊബൈല്‍ നമ്പര്‍ വാങ്ങി വിളിച്ചത്. ഞാന്‍ അദ്ദേഹത്തോട് ആരോഗ്യം ശ്രദ്ധിക്കാനും സുഖമായിരിക്കാനും ആശംസിച്ചു. അതിലെന്താണ് കുറ്റം?'' നന്ദിഗ്രാമിലെ യോഗത്തിനുശേഷം മമത തുറന്നുപറഞ്ഞു.

ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വോട്ടറുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതില്‍ എന്തുതെറ്റാണ് ഉള്ളതെന്നും മമത ചോദിച്ചു. അതേസമയം മറ്റൊരാളുമായി നടത്തിയ സംഭാഷണം പുറത്തുവിടുന്നത് കുറ്റകൃത്യമാണെന്നും മമത പറഞ്ഞു.

ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് ബംഗാളില്‍ ഓഡിയോ ക്ലിപ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് ഓഡിയോ ക്ലിപ്പുകളാണ് ചോര്‍ന്നത്. ഒന്നില്‍ ബിജെപി നേതാവ് മുകുള്‍ റോയിയും മറ്റൊരു ബിജെപി നേതാവുമായുള്ള സംഭാഷണവും മറ്റൊന്നില്‍ മമതാ ബാനര്‍ജിയുടെ ശബ്ദത്തോട് സാമ്യമുള്ള ഒരു സ്ത്രീയും മറ്റൊരാളും തമ്മിലുള്ള സംസാരവും. അതാണിപ്പോള്‍ താന്‍ തന്നെയാണ് വിളിച്ചതെന്ന വിശദീകരണവുമായി മമത രംഗത്തുവന്നത്.

മമത എതിര്‍ സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുന്‍ തൃണമൂല്‍ നേതാവ് പ്രലോയ് പാലുമായാണ് സംസാരിച്ചത്. നന്ദിഗ്രാമിലെ സ്ഥിതി പരിതാപകരമാണെന്നും തൃണമൂലിലേക്ക് തിരിച്ചുവരണമെന്നും പാലിനോട് മമത പറഞ്ഞിരുന്നു.

Tags:    

Similar News