''സമൂഹത്തില്‍ സൗഹാര്‍ദ്ദാന്തരീക്ഷം നിലനിര്‍ത്തേണ്ടത് പൗരന്റെ കടമ''; ഷര്‍ജീല്‍ ഇമാമിന്റെ ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി

Update: 2021-10-22 10:02 GMT

ന്യൂഡല്‍ഹി: പൗരത്വപ്രക്ഷോഭ കാലത്ത് ജനങ്ങളെ അക്രമത്തിനു പ്രേരിപ്പിക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്നാരോപിച്ച് ഡല്‍ഹി പോലിസ് ചുമത്തിയ കേസില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി കോടതി തള്ളി. ഡല്‍ഹിയില്‍ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പ്രസംഗങ്ങള്‍ അക്രമത്തിന് കാരണമായെന്നാണ് പോലിസ് ആരോപിക്കുന്നത്.

ഭരണഘടനയുടെ അനുച്ഛേദം 51എ-ഇ അനുസരിച്ച് സമൂഹത്തില്‍ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം നിലനിര്‍ത്തേണ്ടതും പൗരന്മാര്‍ക്കിടയില്‍ മത, ഭാഷ, പ്രദേശ വ്യത്യാസങ്ങള്‍ക്കപ്പുറത്ത് സാഹോദര്യം ഉറപ്പുവരുത്തേണ്ടതും എല്ലാ പൗരന്മാരുടെയും കടമയാണ്. സമൂഹത്തില്‍ സൗഹാര്‍ദ്ദാന്തരീക്ഷത്തിന്റെ ചെലവില്‍ പൗരന്റെ മൗലികാവകാശം സംരക്ഷിക്കപ്പെടണമെന്ന വാദം തെറ്റാണെന്നും അഡി. സെഷന്‍സ് ജഡ്ജ് അഞ്ജു അഗര്‍വാള്‍ നിരീക്ഷിച്ചു.

അതേസമയം നടത്തിയെന്നു പറയുന്ന പ്രസംഗം 124 എയുടെ പരിധിയില്‍ വരുമോ എന്നത് സന്ദര്‍ഭവും പ്രസംഗത്തിലെ വിശദാംശങ്ങളും പരിഗണിച്ച് തീരുമാനിക്കേണ്ടതാണെന്നും കോടതി ചൂണ്ടിക്കാട്ടി. എങ്കിലും ലഘുവായ പരിശോധനയില്‍ പ്രസംഗം സാമുദായിക സംതുലാവസ്ഥയെ മുറിപ്പെടുത്തുന്നതാണെന്ന് കോടതി വിലയിരുത്തി. പ്രസംഗം മാത്രമല്ല, അതിന്റെ സ്വരം, ഭാവം തുടങ്ങിയവയും ജനങ്ങളെ ബാധിക്കുമെന്നും ജഡ്ജി വിലയിരുത്തി.

തുടര്‍ന്നാണ് 2019 ഡിസംബര്‍ 13ാം തിയ്യതി നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ചുമത്തിയ കേസില്‍ കോടതി പ്രതിക്ക് ജാമ്യം നിഷേധിച്ചത്.

ജാമിഅ നഗറില്‍ സിഎഎ പ്രതിഷേധങ്ങളുടെ ഭാഗമായി നടത്തിയ പ്രസംഗമാണ് ഷര്‍ജീലിന്റെ അറസ്റ്റിലേക്ക് നയിച്ചത്.

Tags:    

Similar News