കൊവിഡ് രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ അതിര്‍ത്തിയില്‍ തടയുന്നത് ഭരണഘടനാവിരുദ്ധം; തെലങ്കാന സര്‍ക്കാരിനെ ശാസിച്ച് ഹൈക്കോടതി

Update: 2021-05-11 15:15 GMT

ഹൈദരാബാദ്: കൊവിഡ് രോഗികളുമായി സംസ്ഥാനത്തേക്ക് വരുന്ന ആംബുലന്‍സുകള്‍ ആശുപത്രിയില്‍ പ്രവേശനം ലഭിച്ചതായുള്ള രേഖകളില്ലെന്ന കാരണത്താല്‍ അതിര്‍ത്തിയില്‍ തടയുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഹൈദരാബാദിലെ വലിയ ആശുപത്രികളിലേക്ക് രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ അതിര്‍ത്തിയില്‍ തടയുന്നതായുള്ള പത്രവാര്‍ത്തകള്‍ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.

''ഇത് ഭരണഘടയുടെ നഗ്നമായ ലംഘനമാണ്. നിങ്ങള്‍ ജനങ്ങള്‍ക്ക് ആരോഗ്യസുരക്ഷ നിഷേധിക്കുകയാണ്- ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു.

ചീഫ് ജസ്റ്റിസ് ഹിമ കോഹ് ലി, ജസ്റ്റിസ് വിജയ്‌സെന്‍ റെഡ്ഡി എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വിവാദമായ രോഗികളെ അതിര്‍ത്തിയില്‍ തടയുന്ന പ്രവണതക്കെതിരേ രംഗത്തുവന്നത്.

അതിര്‍ത്തി കടത്തിവിടേണ്ടന്ന ഉത്തരവ് ആരാണ് പുറപ്പെടുവിച്ചതെന്ന് കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച വ്യക്തമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം ഇത്തരമൊരു നിര്‍ദേശം പൊതുജനങ്ങള്‍ക്ക് ഉത്തരവിന്റെ രൂപത്തില്‍ കൊടുക്കണമെന്നും അല്ലാതെ ഇപ്പോള്‍ ചെയ്തതുപോലെ ആയിരിക്കരുതെന്നും കോടതി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

തെലങ്കാനയില്‍ ബെഡുകളില്ലാത്തതുകൊണ്ടാണ് തെലങ്കാനയുടെ അഡ്വക്കറ്റ് ജനറല്‍ അറിയിച്ചെങ്കിലും വേണ്ടത്രെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെന്താണെന്ന് കോടതി ചോദിച്ചു. മാത്രമല്ല താമസസ്ഥലത്തിന്റെ അടിസ്ഥാനത്തില്‍ പൗരന്മാരെ വേര്‍തിരിക്കരുതെന്നും കോടതി പറഞ്ഞു.

ഇതിനിടയില്‍ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം 7,400ല്‍ നിന്ന് 4,900 ആയി കുറഞ്ഞതായി സംസ്ഥാനത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഇത് ശരിയാണെങ്കില്‍ കിടക്കകള്‍ എങ്ങനെയാണ് കുറവ് വരുന്നതെന്നും കോടതി ചോദിച്ചു.

തുടര്‍ന്നാണ് അനുച്ഛേദം 14, 21 അനുസരിച്ച് പൗരന്മാരെ അതിര്‍ത്തിയില്‍ തടയുന്നത് ഭരണഘടനാവിരുദ്ധമാണെന്ന് കോടതി വിധിച്ചത്. ഹൈദരാബാദിലെ ആശുപത്രികളില്‍ കിടക്കകളില്ലെന്ന് പത്രമാധ്യമങ്ങള്‍ വഴി രോഗികളെ അറിയിക്കണമെന്നും ജസ്റ്റ്‌സ് റെഡ്ഢി പറഞ്ഞു.

കേസ് മെയ് 17ന് പരിഗണിക്കും.

Tags:    

Similar News