ജയില്‍ മോചനത്തിന് ജാമ്യ ഉത്തരവുകളുടെ ഇ-പകര്‍പ്പുകള്‍ മതി: തെലങ്കാന ഹൈക്കോടതി

Update: 2021-11-20 12:03 GMT

ന്യൂഡല്‍ഹി: ജയില്‍ മോചനത്തിന് ജാമ്യ ഉത്തരവുകളുടെ ഇ-പകര്‍പ്പുകള്‍ മതിയെന്ന് തെലങ്കാന ഹൈക്കോടതി. ന്യായമായ സമയത്തിനുള്ളില്‍ പ്രതിക്ക് ജാമ്യം ലഭ്യമാക്കേണ്ടത് മൗലികാവകാശമാണെന്ന് നിരീക്ഷിച്ച കോടതി ജയില്‍ മോചനത്തിന് ജാമ്യ ഉത്തരവുകളുടെ ഇ-പകര്‍പ്പുകള്‍ മതിയെന്ന് വ്യക്തമാക്കി. ജയില്‍ മോചനത്തിന് ജാമ്യ ഉത്തരുവകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ആവശ്യപ്പെടുന്നതും കോടതി ഒഴിവാക്കി.

22.11.2021 മുതല്‍ കേസിന്റെ സ്ഥിതി വിവരങ്ങളില്‍ ലഭ്യമായ കേസിന്റെ വിശദാംശങ്ങള്‍ക്കൊപ്പം ഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍ നിന്നുള്ള ഉത്തരവിന്റെ പകര്‍പ്പ് മതിയെന്ന് കോടതി വിധിച്ചു. ക്രിമിനല്‍ റിവിഷനിലെയും ക്രിമിനല്‍ അപ്പീലുകളിലെയും ജാമ്യം ഉള്‍പ്പെടെ എല്ലാ ജാമ്യാപേക്ഷകള്‍ക്കും പുതിയ നിര്‍ദ്ദേശങ്ങള്‍ ബാധകമാകുമെന്നും കോടതി വ്യക്തമാക്കി.

ജാമ്യം നല്‍കാന്‍ പ്രതിക്ക് വേണ്ടി ഒരു മെമ്മോ ഫയല്‍ ചെയ്യുമ്പോള്‍, ഹൈക്കോടതിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഉത്തരവ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നും അത് കോടതിയുടെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ പരിശോധിക്കുമെന്നും മെമ്മോയില്‍ അഭിഭാഷകന്‍ രേഖപ്പെടുത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥന് അതിന് അംഗീകാരം നല്‍കുകയും അത് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്യാം.

'പ്രിസൈഡിംഗ് ഓഫീസര്‍, അതേ ദിവസം തന്നെ, അത് തീര്‍പ്പാക്കുകയും റിലീസ് ഓര്‍ഡര്‍ ബന്ധപ്പെട്ട ജയില്‍ അധികാരികള്‍ക്ക് ഇ-മെയില്‍ വഴിയോ മറ്റേതെങ്കിലും ഇലക്ട്രോണിക് മോഡ് വഴിയോ അയയ്ക്കുകയും ചെയ്യുണം', ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

മുന്‍കൂര്‍ ജാമ്യത്തിനായുള്ള കേസുകളില്‍, നല്‍കിയ ഉത്തരവിന്റെ പകര്‍പ്പിന്റെ ആധികാരികത പരിശോധിക്കാനുള്ള ചുമതല സ്‌റ്റേഷന്‍ ഹൗസ് ഓഫിസറെ ഏല്‍പ്പിച്ചിട്ടുണ്ട്.

ഐപിസി 420 വകുപ്പ് പ്രകാരം വഞ്ചനാക്കുറ്റം ആരോപിച്ച് സെക്കന്തരാബാദിലെ ഒരു ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ മേധാവി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് ലളിത കണ്ണേഗണ്ടിയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച്. സിആര്‍പിസി സെക്ഷന്‍ 438 പ്രകാരമുള്ള അപേക്ഷയില്‍ വാദം കേള്‍ക്കുമ്പോള്‍, ഒരു കുറ്റകൃത്യത്തിനുള്ള ശിക്ഷ ഏഴ് വര്‍ഷത്തില്‍ താഴെയാണെങ്കില്‍, അര്‍ണേഷ് കുമാര്‍ വേര്‍സസ് സ്‌റ്റേറ്റ് ഓഫ് ബീഹാറിലെ സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സെക്ഷന്‍ 41 പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാനും പോലിസ് ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Tags:    

Similar News