തടവറയിലെ തിരക്കഥയില്‍ നാടിന് ലക്ഷം നന്മ

Update: 2022-08-24 14:43 GMT

തൃശൂര്‍: ചീമേനി തുറന്ന ജയിലിലെ അന്തേവാസിയായ ഷാ തച്ചില്ലം സിനിമാ തിരക്കഥ എഴുതിയതിന് പ്രതിഫലമായി ലഭിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഇരിങ്ങാലക്കുട തൊമ്മാന സ്വദേശിയായ 50കാരന്‍ ഷാ നല്‍കിയ ഒരു ലക്ഷം രൂപയുടെ ചെക്ക് ജയില്‍ മധ്യമേഖലാ വെല്‍ഫയര്‍ ഓഫീസര്‍ കെ ലക്ഷ്മി തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന് കൈമാറി.

ഷാ ജയിലില്‍ നിന്നെഴുതിയ തിരക്കഥയാണ് സംവിധായകന്‍ ചിദംബരം പഴനിയപ്പന്‍ 'ഏകന്‍ അനേകന്‍' എന്ന സിനിമയാക്കിയത്. ഇതിന് ലഭിച്ച പ്രതിഫലത്തില്‍ നിന്നാണ് ഒരു ലക്ഷം രൂപ ഷാ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്.

ജയില്‍ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 2018ല്‍ ചീമേനി തുറന്ന ജയിലില്‍ ഒരുക്കിയ സിനിമാ നിര്‍മാണ ശില്‍പശാലയായിരുന്നു അതുവരെ കവിതകള്‍ എഴുതുമായിരുന്ന തന്നെ തിരക്കഥ എഴുതാന്‍ പ്രേരിപ്പിച്ചതെന്ന് ഷാ പറഞ്ഞു. 15 ദിവസത്തെ ശില്‍പശാലയ്‌ക്കൊടുവില്‍ ഷായുടെ തിരക്കഥയില്‍ അന്തേവാസികള്‍ 'എബിസിഡി' എന്ന ഷോട്ട്ഫിലിം ഒരുക്കിയിരുന്നു. പരിശീലനത്തില്‍ പങ്കെടുത്ത 21 പേര്‍ ചേര്‍ന്ന് തുറന്ന ജയിലിനെ കുറിച്ച് തയ്യാറാക്കിയ 'വിശ്വാസത്തിന്റെ മതിലുകള്‍' എന്ന ഡോക്യുമെന്ററിയും ചര്‍ച്ചയായിരുന്നു.

മൂന്നു ലക്ഷം രൂപ ചെലവിട്ടായിരുന്നു അന്ന് ഫിലിം മെയ്ക്കിംഗ് വര്‍ക്ക്‌ഷോപ്പ് ജയിലധികൃതര്‍ സംഘടിപ്പിച്ചത്. കിട്ടുന്ന ആദ്യ അവസരത്തില്‍ ഈ തുക സര്‍ക്കാരിന് തിരികെ നല്‍കണമെന്ന് ശില്‍പശാലയില്‍ പങ്കെടുത്തവര്‍ അന്ന് തീരുമാനിച്ചിരുന്നു. അതാണ് ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തനിക്ക് പ്രേരണയായതെന്ന് ഷാ പറഞ്ഞു.

30 വര്‍ഷം മുമ്പുള്ള ഒരു കേസില്‍ 2011ല്‍ ജയില്‍വാസം തുടങ്ങിയ ഷാ ജയിലില്‍ നിന്ന് പോസ്റ്റ് കാര്‍ഡുകളില്‍ എഴുതി സുഹൃത്ത് ഷാജു ഫ്രാന്‍സിസിന് അയച്ച 70ലേറെ കവിതകള്‍ 'തടവറയിലെ ധ്യാന നിമിഷങ്ങള്‍' എന്ന പേരില്‍ പുസ്തകമാക്കിയിട്ടുണ്ട്. നിലവില്‍ പരോളില്‍ കഴിയുന്ന ഷാ നാളെ (വെള്ളി) വീണ്ടും ചീമേനി തുറന്ന ജയിലിലെത്തും.

ജില്ലാ കലക്ടറുടെ ചേംബറില്‍ നടന്ന ചെക്ക് കൈമാറ്റച്ചടങ്ങില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ജെറിയാസ് ജോര്‍ജ്, ടെറിഷ് സി അനീഷ് എന്നിവരും സന്നിഹിതരായി.

Tags:    

Similar News