ജന്മദിനാഘോഷത്തിന് ഒത്തുകൂടി ഗുണ്ടകള്‍; തടയാന്‍ എത്തിയ പോലിസിന് നേരെ ആക്രമണം, ആറു പോലിസുകാര്‍ക്ക് പരിക്ക്
നെടുമങ്ങാട്: ജന്മദിനാഘോഷത്തിന് ആളൊഴിഞ്ഞ വീട്ടില്‍ ഒത്തുകൂടിയ ഗുണ്ടാസംഘം സ്ഥലത്തെത്തിയ പോലീസുകാരെ കൂട്ടമായി ആക്രമിച്ചു. നെടുമങ്ങാട് സിഐ ഉള്‍പ്പെടെ ആറ് പോലീസുകാര്‍ക്കു പരിക്കേറ്റു. എട്ട് പേരെ പോലീസ് സാഹസികമായി പിടികൂടി. 12 പേര് ഓടിരക്ഷപ്പെട്ടു.
ഇന്നലെ രാത്രി 11.40ഓടെയാണ് സംഭവം. കാപ്പാ കേസില്‍ ഉള്‍പ്പെട്ട സ്റ്റമ്പര്‍ അനീഷ് എന്ന അനീഷിന്റെ നെടുമങ്ങാട് മുക്കോലയിലെ വീട്ടിലാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചിരുന്നത്. ഇയാളുടെ സഹോദരിയുടെ മകളുടെ ജന്മദിനാഘോഷത്തിനാണ് കൂട്ടാളികളെ വിളിച്ചുകൂട്ടിയത്. ഇയാളുടെ വീട്ടുകാര്‍ ആരും ഇവിടെയുണ്ടായിരുന്നില്ല. നിരവധി ക്രിമിനല്‍ കേസ് പ്രതികള്‍ എത്തിയെന്ന വിവരമറിഞ്ഞാണ് പോലിസ് സ്ഥലത്ത് എത്തിയത്.
പോലിസിനെ കണ്ടതോടെ സംഘം ആക്രമാസക്തമായി. നെടുമങ്ങാട് സിഐ രാജേഷ്, എസ്ഐമാരായ ഓസ്റ്റിന്‍, സന്തോഷ്കുമാര്‍ എന്നിവരുള്‍പ്പെടെ ആറുപേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്റ്റമ്പര്‍ അനീഷ് ഉള്‍പ്പെടെ എട്ടുപേര്‍ അറസ്റ്റിലായി. ഓടിപ്പോയ പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി.