ജല്‍ ശിക്ഷാ അഭിയാന്‍: കേന്ദ്ര സംഘം തൃശൂര്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

Update: 2022-08-31 14:00 GMT

തൃശൂര്‍: ജില്ലയിലെ ജല്‍ ശിക്ഷാ അഭിയാന്റെ ക്യാച്ച് ദി റെയ്ന്‍ (Catch the rain) കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം 30, 31 തീയതികളില്‍ സന്ദര്‍ശനം നടത്തി. കേന്ദ്ര കണ്‍സ്യൂമര്‍ അഫയേഴ്‌സ് ഫുഡ് ആന്‍ഡ് പബ്ലിക് ഡിസ്ട്രിബ്യുഷന്‍ മന്ത്രാലയം ഡയറക്ടര്‍ വിവേക് ശുക്ല, സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ സയന്റിസ്റ്റ് കേശവ് ബോബഡേ എന്നിവരാണ് കേന്ദ്ര സംഘത്തില്‍ ഉണ്ടായിരുന്നത്.

കലക്ട്രേറ്റില്‍ ജില്ലാ കലക്ടര്‍ ഹരിത വി കുമാറിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ജല്‍ ശക്തി അഭിയാന്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ സംഘത്തെ ധരിപ്പിച്ചു. ചേലക്കര ഗ്രാമപഞ്ചായത്തിലെ അമൃതസരോവര്‍ പദ്ധതിയുടെ ഭാഗമായി ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന അയ്യപ്പന്‍ കുളം, എരുപുറം കുളം എന്നിവ സംഘം സന്ദര്‍ശിച്ചു. സന്ദര്‍ശനത്തിന്റെ ഭാഗമായി തൊഴിലുറപ്പുപ്രവര്‍ത്തകരുമായി സംഘം ആശയവിനിമയം നടത്തി. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, എം കെ പത്മജ, വൈസ് പ്രസിഡന്റ് ഷലീല്‍, തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം കെ ഉഷ, പഴയന്നൂര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ഗണേഷ്, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ എ എസ് സുധീര്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.

തെക്കുംകര ഗ്രാമപഞ്ചായത്തിലെ വട്ടായി കുടിവെള്ള പദ്ധതിയും പൂമല പി എച്ച് സിയിലെ തുറന്ന കിണര്‍ റീചാര്‍ജ്ജിംഗും അവണൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടന്‍തോട് പുനരുദ്ധാരണ പ്രദേശവും കേന്ദ്ര സംഘം സന്ദര്‍ശിച്ചു. ജില്ലയിലെ നൂതന ജലസംരക്ഷണപ്രവര്‍ത്തനങ്ങളെ കേന്ദ്ര സംഘം ശ്ലാഘിച്ചു. ജില്ലയിലെ അമിത ചൂഷണ ബ്ലോക്കുകളെ സേഫ് ബ്ലോക്ക് ആക്കി മാറ്റുന്നതില്‍ ജില്ലയില്‍ നടപ്പിലാക്കിയ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതായി കേന്ദ്രസംഘം വിലയിരുത്തി. ജില്ലയില്‍ ആരംഭിച്ച ജല്‍ ശക്തി കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സംഘം തൃപ്തി രേഖപ്പെടുത്തി.

Tags:    

Similar News