നിപ: കേന്ദ്രസംഘവുമായി ആരോഗ്യമന്ത്രി ചര്‍ച്ച നടത്തി; കോഴിക്കോട്ട് മറ്റന്നാളും അവധി
തിരുവനന്തപുരം: നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെത്തിയ കേന്ദ്രവിദഗ്ധ സംഘവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ചര്‍ച്ച നടത്തി. തുടര്‍നടപടികള്‍ സംബന്ധിച്ച് വിദഗ്ധ സമിതി തീരുമാനമെടുക്കുമെന്നും നിപ റിപോര്‍ട്ട് ചെയ്ത ആശുപത്രികളില്‍ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപികീരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വിവിധ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സംഘം കോഴിക്കോട് സന്ദര്‍ശിച്ചു.
മാല ചബ്ര (സീനിയര്‍ കണ്‍സള്‍ട്ടന്റ് മൈക്രോബയോളജിസ്റ്റ് എബിവിഐഎം), ഡോ. ഹിമാന്‍ഷു ചൗഹാന്‍ (ജോയിന്റ് ഡയറക്ടര്‍ ഐഡിഎസ്പി, നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. മീരാ ദൂരിയ (ജോയിന്റ് ഡയറക്ടര്‍, നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. അജയ് അസ്രാന(പ്രഫസര്‍, ന്യൂറോളജി നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസ്, ബെംഗളൂരു), ഡോ. ഹനുല്‍ തുക്രല്‍ (എപിഡമോളജിസ്റ്റ്, സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി), ഡോ. ഗജേന്ദ്ര സിങ്(വൈല്‍ഡ്‌ലൈഫ് ഓഫിസര്‍ സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത്, നാഷനല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഡല്‍ഹി) എന്നിവരാണ് സംഘത്തിലുള്ളത്. സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി എല്ലാ ദിവസവും വൈകീട്ട് അഞ്ചിന് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും. സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീ്യനല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക.
അതിനിടെ, നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച കൂടി അവധി പ്രഖ്യാപിച്ചു. ഇന്നും നാളെയും നേരത്തേ അവധി പ്രഖ്യാപിച്ചിരുന്നു. അങ്കണവാടി, മദ്‌റസകള്‍, പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായണ്. എന്നാല്‍, സര്‍വകലാശാലാ, പിഎസ്പി പരീക്ഷകള്‍ മാറ്റിയിട്ടില്ല. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഈ ദിവസങ്ങളില്‍ ജില്ലയിലെ എല്ലാ ട്യൂഷന്‍ സെന്ററുകളും കോച്ചിങ് സെന്ററുകളും പ്രവര്‍ത്തിക്കരുതെന്നും കലക്ടര്‍ അറിയിച്ചു.
നിപ ചികില്‍സയ്ക്കായുള്ള മോണോ ക്ലോണല്‍ ആന്റിബോഡി സംസ്ഥാനത്ത് എത്തിയതായും മൊബൈല്‍ വൈറോളജി ലാബ് കോഴിക്കേട്ടേക്ക് പോവുമെന്നും മന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ ആള്‍ക്കൂട്ട നിയന്ത്രണം ജില്ലയില്‍ അടുത്ത 10 ദിവസത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും നിര്‍ത്തിവയ്ക്കാന്‍ ജില്ലാ കലക്ടര്‍ എ ഗീത ഉത്തരവിട്ടിട്ടുണ്ട്.