ജമാഅത്തെ ഇസ്‌ലാമി ആശയ സംവാദം സംഘടിപ്പിച്ചു

Update: 2023-01-13 16:53 GMT

തിരൂർ: യുക്തിവാദികളും നവ നാസ്തികതയും ഒന്ന് തന്നെയാണെന്നും രണ്ടും സമൂഹത്തിന്റെ തേർവാഴ്ചയ്ക്ക് ഇടയാക്കുന്നതാണെന്നും മീഡിയ വൺ , മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹിമാൻ പറഞ്ഞു. തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ ജമാഅത്തെ ഇസ്‌ലാമി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ആശയ സംവാദം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഒ അബ്ദുറഹിമാൻ. യുക്തിവാദികളും നവ നാസ്തികതയും മദ്യത്തിനും മയക്കുമരുന്നിനും അടിമകളാക്കുകയാണ്.

അന്ധവിശ്വാസത്തെ ശക്തമായി എതിർക്കുന്ന ഇസ്‌ലാമിനെയാണ് യുക്തിവാദികൾ ഇന്ന് വിമർശിക്കുന്നത്. ഇത് ഒരു വിരോധാഭാസമാണ്. ആത്മീയ മണ്ഡലം ശാസ്ത്രത്തിന് വഴങ്ങുന്നതല്ല. ദൈവം, ആത്മാവ് പോലുള്ള കാര്യങ്ങൾ ശാസ്ത്രത്തിലൂടെ കണ്ടെത്താനാവുന്നതല്ല. മനുഷ്യൻ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ യുക്തിവാദികൾ രംഗത്തു വരുന്നില്ല. അന്ധവിശ്വാസ വ്യാപാരികളെ കണ്ടത്തി സർക്കാർ കടുത്ത നടപടി സ്വീകരിക്കണം , യുക്തിവാദികളുടെ നിഷേധാത്മക സമീപനം യുവാക്കളെ വഴി കേടിലാക്കുന്നു. അന്ധവിശ്വാസത്തിനെതിരെ എഡിറ്റോറിയൽ എഴുതിയതിന്നാണ് മാധ്യമത്തിന് അവാർഡ് കിട്ടിയത്. നാസ്തികതയിലൂടെ ഇസ്‌ലാമിനെ കുറ്റപ്പെടുത്താനാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇവയെ ആശയ സംവാദങ്ങളിലൂടെ നേരിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിപാടിയിൽ ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് സലീം മമ്പാട് അധ്യക്ഷത വഹിച്ചു. ടി. മുഹമ്മദ് വേളം, ജി.കെ എടത്തനാട്ടുകര, ടി.കെ.എം ഇക്ബാൽ എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു. എൻ.എം അബ്ദുറഹിമാൻ, ഷമീർ ബാബു, അബ്ദുൽ അസീസ് പൊന്മുണ്ടം എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സി.എച്ച് ബഷീർ സ്വാഗതവും ഏരിയ പ്രസിഡന്റ് ഹംസ ഉമരി നന്ദിയും പറഞ്ഞു.

Similar News