കരോളി ഹിന്ദുത്വ ആക്രമണത്തിലെ ഇരകള്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്ത് ജംഇയ്യത്ത് ഉലമാ എ ഹിന്ദ്

Update: 2022-05-18 12:04 GMT

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കരോളിയില്‍ ഹിന്ദുത്വആക്രമണത്തില്‍ ഇരകളായവര്‍ക്ക് പൂര്‍ണ നിയമസഹായം വാഗ്ദാനം ചെയ്ത് ജംഇയ്യത്ത് ഉലമാ എ ഹിന്ദ്. സംഘടനയുടെ ഒരു പ്രതിനിധി സംഘം കഴിഞ്ഞ മാസം ഹിന്ദുത്വ ആക്രമണം നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. ഇരകളാക്കപ്പെട്ടവരെ നേരില്‍കണ്ട് സംസാരിക്കുകയും ചെയ്തു.

ജംഇയ്യത്ത് ഉലമാ എ ഹിന്ദ് പ്രസിഡന്റ് മഹമൂദ് മദനിയുടെ നേതൃത്വത്തിലാണ് പ്രതിനിധിസംഘം എത്തിയിരുന്നത്. ഹിന്ദുത്വ ആക്രമണത്തില്‍ 77 കടകളാണ് തകര്‍ക്കപ്പെട്ടത്. അതില്‍ 67 എണ്ണവും മുസ് ലിംകളുടേതാണ്. അതേസമയം ഇരകളാക്കപ്പെട്ടവരെ പോലിസ് വ്യാപകമായി അറസ്റ്റ് ചെയ്യുകയും ചെയ്തു.

പ്രതിനിധി സംഘം ജില്ലാ പോലിസ് സൂപ്രണ്ടിനെയും ജില്ലാ മജിസ്‌ട്രേറ്റിനെയും നേരില്‍ കണ്ടിരുന്നു. ഇതുപോലുള്ള സംഘര്‍ഷങ്ങള്‍ രാജ്യത്തിന്റെ സാമൂഹികഘടനയെ ഗുരുതരമായി ബാധിക്കുമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി മൗലാന ഹക്കിമുദ്ദീന്‍ ഖാസ്മി ഓര്‍മിപ്പിച്ചു.

'ഒരു രാജ്യവും വായുവില്‍ നിര്‍മിക്കപ്പെടുന്നില്ല, അതില്‍ ജനങ്ങളും വീടുകളും വ്യാപാരസ്ഥാപനങ്ങളും നഗരങ്ങളും മരങ്ങളും റോഡുകളും വാഹനങ്ങളും എല്ലാം ഉള്‍പ്പെടുന്നു. അവയിലേതെങ്കിലും ഒന്നിനെ ഉപദ്രവിക്കുന്നത് രാജ്യത്തിന് ദോഷം ചെയ്യും.'-അദ്ദേഹം വ്യക്തമാക്കി. ഇരുപത് വര്‍ഷമായി നിരോധിച്ചിരുന്ന ഇടങ്ങളിലൂടെ എങ്ങനെയാണ് വിദ്വേഷം സ്ഫുരിക്കുന്ന ഗാനങ്ങളുമായി ഡിജെ ഗാനസംഘങ്ങള്‍ കടന്നുപോയതെന്ന് മൗലാന ഹക്കുമുദ്ദീന്‍ ചോദിച്ചു.

രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് സംഘര്‍ഷങ്ങളുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Similar News