ജനകീയാസൂത്രണം എല്ലാ വിഭാഗങ്ങളുടെയും മുന്നേറ്റം സാധ്യമാക്കി: മന്ത്രി ആർ ബിന്ദു
തൃശൂർ: സ്ത്രീകളെയും പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങളെയും നേതൃത്വത്തിൽ കൊണ്ടുവരാൻ കഴിഞ്ഞ മുന്നേറ്റമാണ് ജനകീയാസൂത്രണം വഴി നടന്നതെന്നും അത് മാതൃകാപരമായി നടപ്പാക്കിയ സംസ്ഥാനമാണ് കേരളമെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിൽ ജനകീയാസൂത്രണം രജത ജൂബിലി ഉത്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ആശുപത്രി മുതൽ അങ്കണവാടികൾ വരെ ജനകീയാസൂത്രണം വഴി ജനപങ്കാളിത്തത്തോടെ നടപ്പായി. സ്ത്രീകളും പട്ടികജാതിക്കാരും ഭിന്നശേഷിക്കാരും അടക്കമുള്ള സമൂഹത്തിന് പദ്ധതിവിഹിതം നീക്കിവെക്കാനും അവരെ മുഖ്യധാരയിൽ കൊണ്ടുവരാനും അധികാരമുള്ളവരാക്കാനും ജനകീയാസൂത്രണ പ്രസ്ഥാനത്തിന് കഴിഞ്ഞു.
നഗരസഭ ചെയപേഴ്സൺ സോണിയ ഗിരി അധ്യക്ഷയായ ചടങ്ങിൽ ടി എൻ പ്രതാപൻ എംപി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ മുൻസിപ്പൽ ചെയർമാൻമാർ അടക്കമുള്ള ജനപ്രതിനിധികളെ ആദരിച്ചു.
മുൻ മുൻസിപ്പൽ ചെയർമാൻ എം പി ജാക്സൺ, പൊറത്തിശേരി മുൻ പഞ്ചായത്ത് പ്രസിഡൻറ് എം ബി രാജു മാസ്റ്റർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ പ്രൊഫ. വി കെ ലക്ഷ്മണൻ നായർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജൈസൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, കൗൺസിലർമാരായ അഡ്വ. കെ ആർ വിജയ, അവിനാശ് ഒ എസ്, പി ടി ജോർജ്, അൽഫോൻസ തോമസ്, സന്തോഷ് ബോബൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി സ്വാഗതവും നഗരസഭ ചെയർമാൻ മുഹമ്മദ് അനസ് കെ എം നന്ദിയും രേഖപ്പെടുത്തി.