ജന്തര്‍മന്ദറിലെ പ്രതിഷേധം; ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ വിട്ടയച്ചു
ന്യൂഡല്‍ഹി: ജന്തര്‍മന്ദറിലെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാന്‍ പോവുന്നതിനിടെ ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളെ വിട്ടയച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ഡോ. എസ് ക്യു ആര്‍ ഇല്യാസ്, ദേശീയ സെക്രട്ടറി റസ്സാഖ് പാലേരി, കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അഡ്വ.താഹിര്‍ ഹുസൈന്‍, ഫ്രട്ടേണിറ്റി ദേശീയ പ്രസിഡന്റ് ഷംസീര്‍ ഇബ്രാഹിം എന്നിവര്‍ അടക്കമുള്ള നേതാക്കളെയാണ് ഇന്ന് രാവിലെ ഷാഹിന്‍ബാഗ് പോലിസ് അറസ്റ്റ് ചെയ്തത്.
ബുള്‍ഡോസര്‍ രാജിലും സാമൂഹികപ്രവര്‍ത്തകരുടെ അന്യായ അറസ്റ്റിലും പ്രതിഷേധിച്ചായിരുന്നു വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധം. ബുള്‍ഡോസര്‍ രാജ് അവസാനിപ്പിക്കുക, ടീസ്ത സെത്തല്‍വാദ്, ആര്‍ ബി ശ്രീകുമാര്‍, സഞ്ജീവ് ഭട്ട് എന്നിവരെ വിട്ടയക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധ പരിപാടി. പരിപാടിയില്‍ പങ്കെടുക്കാന്‍ ഓഖ്‌ലയില്‍നിന്ന് ബസ്സില്‍ വരികയായിരുന്ന നേതാക്കളെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. ബസ്സും കസ്റ്റഡിയിലെടുത്തിരുന്നു.