ജപ്പാന്‍: ഫുകുഷിമ ആണവ നിലയത്തിലെ മലിന ജലം കടലിലേക്ക് ഒഴുക്കുന്നതിനെതിരേ ഗ്രീന്‍ പീസ്
ആണവ വൈദ്യുത നിലയത്തെ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ദശലക്ഷം ടണ്ണിലധികം വെള്ളം എന്തുചെയ്യണമെന്നത് ജപ്പാന്‍ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന കാര്യമാണ്.
ഫുകുഷിമ: ജപ്പാനിലെ ഫുകുഷിമ ആണവ വൈദ്യുത നിലയത്തില്‍ നിന്നുള്ള മലിന ജലം കടലിലേക്ക് ഒഴുക്കരുതെന്ന് ഗ്രീന്‍ പീസ് മുന്നറിയിപ്പു നല്‍കി. ആണവ നിലയത്തില്‍ നിന്നുള്ള മലിന ജലത്തില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥം അടങ്ങിയിട്ടുണ്ടെന്നും ഇത് മനുഷ്യന്റെ ഡിഎന്‍എയെ തകര്‍ക്കാന്‍ സാധ്യതയുള്ളതാണെന്നുമാണ് ഗ്രീന്‍ പിസ് പറയുന്നത്. കടലിലേക്ക് മലിന ജലം ഒഴുക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ് എതിര്‍പ്പ് അറിയിച്ചത്.
ആണവ വൈദ്യുത നിലയത്തെ തണുപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു ദശലക്ഷം ടണ്ണിലധികം വെള്ളം എന്തുചെയ്യണമെന്നത് ജപ്പാന്‍ വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യുന്ന കാര്യമാണ്. മലിന ജലം സംഭരിക്കാനുള്ള ഇടം 2022 ഓടെ നിറയുമെന്നാണ് അധികൃതര്‍ പറയുന്നത്. ആണവ നിലയത്തില്‍ നിന്നുള്ള മലിന ജലം പല ശുദ്ധീകരണ പ്രക്രിയകള്‍ കഴിഞ്ഞാണ് ഒഴുക്കുകയെന്നും അപകടസാധ്യത കുറവാണ് എന്നുമാണ് ചില ശാസ്ത്രജ്ഞരുടെ അഭിപ്രായം. സങ്കീര്‍ണ്ണമായ ശുദ്ധീകരണ പ്രക്രിയ ഉപയോഗിച്ച് റേഡിയോ ആക്ടീവ് ഐസോടോപ്പുകളില്‍ ഭൂരിഭാഗവും നീക്കം ചെയ്തതായി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ട്രിറ്റിയം എന്ന ഒരു ഐസോടോപ്പ് നീക്കംചെയ്യാന്‍ കഴിയില്ല. ആണവ നിലയത്തിലെ മലിന ജലത്തില്‍ 'അപകടകരമായ അളവില്‍ കാര്‍ബണ്‍ -14' അടങ്ങിയിട്ടുണ്ടെന്നാണ് ഗ്രീന്‍ പീസ് പറയുന്നത്.