ചൈനയുടെ സൈനികാഭ്യാസം ഉടന്‍ റദ്ദാക്കണമെന്ന് ജപ്പാന്‍
അഞ്ച് ചൈനീസ് മിസൈലുകള്‍ രാജ്യത്തിന്റെ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പതിച്ചതായും ജപ്പാന്‍ സ്ഥിരീകരിച്ചിരുന്നു. അവയില്‍ നാലെണ്ണം തായ്‌വാനിലെ പ്രധാന ദ്വീപിന് മുകളിലൂടെയാണ് എത്തിയതെന്നു കരുതുന്നതായും ജപ്പാന്‍ വ്യക്തമാക്കിയിരുന്നു.
ടോക്കിയോ: തായ്‌വാന് ചുറ്റുമുള്ള സൈനികാഭ്യാസത്തിനിടെ ചൈന ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ടതിനെ അപലപിച്ച് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിഡ. അത് 'നമ്മുടെ ദേശീയ സുരക്ഷയെയും നമ്മുടെ പൗരന്മാരുടെ സുരക്ഷയെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണ്' എന്നും അദ്ദേഹം വിശേഷിപ്പിച്ചു.
അഞ്ച് ചൈനീസ് മിസൈലുകള്‍ രാജ്യത്തിന്റെ ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയില്‍ പതിച്ചതായും ജപ്പാന്‍ സ്ഥിരീകരിച്ചിരുന്നു. അവയില്‍ നാലെണ്ണം തായ്‌വാനിലെ പ്രധാന ദ്വീപിന് മുകളിലൂടെയാണ് എത്തിയതെന്നു കരുതുന്നതായും ജപ്പാന്‍ വ്യക്തമാക്കിയിരുന്നു.
'ഇത്തവണത്തെ ചൈനയുടെ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ പ്രദേശത്തിന്റെയും അന്താരാഷ്ട്ര സമൂഹത്തിന്റെയും സമാധാനത്തിലും സ്ഥിരതയിലും ഗുരുതരമായ സ്വാധീനം ചെലുത്തുന്നു'-
യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.'സൈനിക അഭ്യാസങ്ങള്‍ ഉടന്‍ റദ്ദാക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തായ്‌വാനു ചുറ്റുമുള്ള നാലു ദിശകളിലും ചൈനീസ് വ്യോമസേനയും നാവികസേനയും സംയുക്തമായി നടത്തുന്ന സൈനിക അഭ്യാസത്തില്‍ തൊടുത്തുവിട്ട മിസൈലുകളാണ് ജപ്പാന്റെ സാമ്പത്തികമേഖലയില്‍ പതിച്ചത്.ചൈനയുടെ വിലക്ക് വകവയ്ക്കാതെ യുഎസ് സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ചതില്‍ പ്രതിഷേധിച്ചാണ് ചൈന ഈ സൈനികാഭ്യാസം നടത്തുന്നത്.
തിരിച്ചടിയുണ്ടാകുമെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടും ചൊവ്വാഴ്ച രാത്രിയോടെ തായ്‌വാനിലെത്തിയ നാന്‍സി പെലോസി, ഭരണാധികാരികളുമായുള്ള കൂടിക്കാഴ്ചകള്‍ക്ക് ശേഷം ബുധനാഴ്ച രാത്രി ജപ്പാനിലേക്ക് പോയി. ചൈനീസ് ആക്രമണ ഭീഷണി ഭയന്ന് അമേരിക്കന്‍ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെയാണ് നാന്‍സി തായ്‌വാനില്‍ എത്തിയത്.
തായ്‌വാന്റെ വ്യോമ മേഖലയിലും നാവിക മേഖലയിലും അതിക്രമിച്ചു കയറി സൈനികാഭ്യാസങ്ങള്‍ നടത്തുക എന്നതാണ് ചൈന പയറ്റുന്ന തന്ത്രം. സമുദ്രത്തിലും ആകാശത്തിലുമായി നിരവധി ചൈനീസ് കപ്പലുകളും യുദ്ധവിമാനങ്ങളുമാണ് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നത്.