വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത് അരനൂറ്റാണ്ടു കാലം; നഷ്ടപരിഹാര തുക പ്രഖ്യാപിച്ച് ജപ്പാന്‍
ജപ്പാനില്‍ ഇതുവരെ അനുവദിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ക്രിമിനല്‍ നഷ്ടപരിഹാരതുകയാണ് ഹകമാഡക്കു ലഭിക്കുക

ടോക്കിയോ: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞയാള്‍ക്ക് നഷ്ടപരിഹാര തുക പ്രഖ്യാപിച്ച് ജപ്പാന്‍. 50 വര്‍ഷത്തോളം തെറ്റായി തടഞ്ഞുവയ്ക്കപ്പെടുകയും കഴിഞ്ഞ വര്‍ഷം വിട്ടയയ്ക്കുകയും ചെയ്ത ഇവാവോ ഹകമാഡ എന്ന വൃദ്ധനാണ് ജപ്പാന്‍ ഗവണ്‍മെന്റ് ഈ തുക നല്‍കുക.
1.44 മില്യണ്‍ ഡോളറാണ് ഇവാവോ ഹകമാഡക്ക് ലഭിക്കുക. ജപ്പാനില്‍ ഇതുവരെ അനുവദിച്ചതില്‍ വച്ച് ഏറ്റവും ഉയര്‍ന്ന ക്രിമിനല്‍ നഷ്ടപരിഹാരതുകയാണ് ഇത്. ഇവാവോ ഹകമാഡ അരനൂറ്റാണ്ടോളമാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞത്. തെറ്റായി ശിക്ഷിക്കപ്പെട്ടാണ് ഹകമാഡ ജയിലറക്കുള്ളിലായത്.
1966-ല്‍ തന്റെ തൊഴിലുടമയെയും കുടുംബത്തെയും കൊലപ്പെടുത്തി എന്ന കേസിലാണ് ഹകമാഡ ജയിലിലായത്. കഴിഞ്ഞ വര്‍ഷം നടന്ന പുനര്‍വിചാരണയില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടുകയായിരുന്നു.
ജപ്പാന്റെ യുദ്ധാനന്തര ചരിത്രത്തില്‍ പുനര്‍വിചാരണയ്ക്ക് വിധേയനാകുന്ന അഞ്ചാമത്തെ വധശിക്ഷാ തടവുകാരനാണ് ഹകമാഡ. അതേസമയം, ഹകമാഡ അനുഭവിച്ച വേദനയ്ക്ക് പരിഹാരം കാണാന്‍ ഈ പണം വളരെ കുറവാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറഞ്ഞു.