സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവത്ക്കരണം കാലഘട്ടത്തിന്റെ ആവശ്യമെന്ന് ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍
ജിദ്ദ: സാമൂഹ്യ പുരോഗതിയില്‍ ഉന്നതിയില്‍ എത്തിയ സംസ്ഥാനമെന്ന നിലയില്‍ പുരോഗമിച്ച കേരളത്തില്‍ വര്‍ധിച്ചു വരുന്ന സാമൂഹ്യ തിന്മകളായ സ്ത്രീധന പീഡനങ്ങള്‍, അസഹിഷ്ണുതകള്‍ തുടങ്ങിയ സാമൂഹ്യ തിന്മകള്‍ക്കെതിരെ ബോധവത്ക്കരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജിദ്ദ തിരുവിതാംകൂര്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കേരളത്തില്‍ അടുത്ത കാലത്തായി വര്‍ധിച്ചു വരുന്ന സ്ത്രീപീഡന സംഭവങ്ങളില്‍ അസോസിയേഷന്‍ ഉത്കണ്ഠയും ഖേദവും രേഖപ്പെടുത്തി.
കുറ്റകൃത്യം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഇത്തരം ജീര്‍ണ്ണതകള്‍ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിന് അധികാരികള്‍ ശ്രദ്ധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
മാനവികതയും സാംസ്‌കാരിക സമന്വയങ്ങളും വളര്‍ത്തി സ്ത്രീവിരുദ്ധതയുള്‍പ്പടെയുള്ള സാമൂഹ്യ വിപത്തുകള്‍ക്കെതിരെ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുവാന്‍ ആവശ്യമായ ബോധവത്ക്കരണം നടത്തുവാനും ജാതി മത രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിക്കുവാനും എല്ലാ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും ബാധ്യതയുണ്ടെന്നും അതിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.