നിറപ്പകിട്ടാര്‍ന്ന പരിപാടികളുമായി ജിദ്ദയില്‍ അന്താരാഷ്ട്ര വനിതാദിനം സംഘടിപ്പിച്ചു
ജിദ്ദ: അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അബീര്‍ ഗ്രൂപ്പ് ജിദ്ദയില്‍ നിറപകിട്ടാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. ആധുനിക കാലത്ത് സ്ത്രീകള്‍ നേരിടുന്ന വിവിധ വിഷയങ്ങളെ കുറിച്ചുള്ള ബോധവത്കരണം, പാചകമത്സരം, ഗാനങ്ങള്‍, സ്‌കിറ്റ്, ഡാന്‍സ് തുടങ്ങിയ കലാരൂപങ്ങള്‍ അരങ്ങേറി.
സൗദിയുടെ പ്രഥമ വനിതാ കൊമേഴ്‌സ്യല്‍ പൈലറ്റ് യാസ്മിന്‍ അല്‍ മൈമാനി പരിപാടിയില്‍ മുഖ്യാതിഥിയായിരുന്നു. സ്ത്രീകള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍ എങ്ങനെ പിന്തുടരാം എന്നതിനെക്കുറിച്ച് അവര്‍ പ്രചോദനാത്മകമായ സെഷനുകള്‍ നല്‍കി. ചലച്ചിത്ര നിര്‍മ്മാതാവും ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റും റേഡിയോ അവതാരകയുമായ സമീറ അസീസും പരിപാടിയെ അഭിനന്ദിക്കാന്‍ എത്തിയിരുന്നു.
പുതിയ ലോകത്തോട് മത്സരിച്ച് വിസ്മയകരമായ പരിവര്‍ത്തനത്തിന്റെ പാതയില്‍ സഞ്ചരിക്കുന്ന രാഷ്ട്രത്തെ വികസിപ്പിക്കാനുള്ള സൗദി കിരീടാവകാശിയുടെ മഹത്തായ ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന പുതിയ സൗദിയുടെ മുഖമായ സ്ത്രീകളായി തങ്ങളുടെ ശക്തി തെളിയിക്കാന്‍ എല്ലാ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയുടെ ഭാഗമായി. മൂല്യങ്ങളും സമഗ്രതയും സത്യസന്ധതയുമാണ് എന്നെന്നും സൗദി അറേബ്യയുടെ മുഖമുദ്ര എന്നതിന് അടിവരയിട്ടുകൊണ്ടാണ് മുഖ്യ അതിഥികള്‍ പ്രാസംഗികര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്.
അബീര്‍ ഗ്രൂപ്പ് എല്ലായ്‌പ്പോഴും അവരുടെ തൊഴിലിടങ്ങളില്‍ വനിതകളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്നും സ്ത്രീകളുടെ വികസനത്തിന് അനുയോജ്യവും സുസ്ഥിരവുമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ താല്‍പ്പര്യമുണ്ടെന്നും വൈസ് പ്രസിഡന്റ് ഡോ ജെംഷിത്ത് തന്റെ തീം പ്രസംഗത്തില്‍ പറഞ്ഞു.
കൂടുതല്‍ കഴിവുകള്‍ വികസിപ്പിക്കുന്നതിനും വൈദ്യശാസ്ത്രത്തിലും ശാസ്ത്രത്തിലും വിദ്യാഭ്യാസത്തിലെ പുതിയ അവസരങ്ങള്‍ മികച്ച രീതിയില്‍ വിനിയോഗിക്കുന്നതിനും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. അഹമ്മദ് ആലുങ്ങല്‍ പ്രചോദിപ്പിച്ചു.
അബീറിന്റെ ചരിത്രത്തില്‍ സ്ത്രീകളെ വകുപ്പുകളുടെ തലവന്മാരായി നിയമിക്കുന്നതിനെ എങ്ങനെയാണ് പിന്തുണച്ചതെന്ന് പ്രോഗ്രാം ഡയറക്ടറും മാര്‍ക്കറ്റിംഗ് ആന്റ് പേഷ്യന്റ് എക്‌സ്പീരിയന്‍സ് ഡയറക്ടറുമായ ഡോ. ഇമ്രാന്‍ വിശദീകരിച്ചു.
ഡോ സാജിറ പുനത്തില്‍, ഡോ. അനിത, ഡോ. സിമിന്‍ എന്നിവര്‍ യഥാക്രമം വന്ധ്യത, കുട്ടികള്‍ക്കുള്ള ചില വീട്ടുവൈദ്യങ്ങളുടെ അപകടങ്ങള്‍, ചര്‍മ്മസൗന്ദര്യ സംരക്ഷണം എന്നീ വിഷയങ്ങളില്‍ ഉപകാരപ്രദമായ സെഷനുകള്‍ നല്‍കി, സദസ്സിന്റെ ചോദ്യങ്ങള്‍ക്കും അവര്‍ ഉത്തരം നല്‍കി.
മലബാര്‍ അടുക്കള ഫെയിം കുബ്ര ലത്തീഫ്, വനിതാ മെന്റര്‍ സലീന മുസാഫിര്‍, ജെ സി ഡബ്ല്യു സി ചീഫ് അനീസ ബൈജു എന്നിവര്‍ വനിതാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജീവിതത്തില്‍ സ്ത്രീകളുടെ പ്രാധാന്യത്തെക്കുറിച്ച് ജലീല്‍ ആലുങ്കല്‍ സംസാരിച്ചു. സോഫിയ സുനില്‍, ഹിഫ്‌സു റഹ്മാന്‍ എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.