16 വര്‍ഷത്തിന് ശേഷം ജോക്കിം ലോ ജര്‍മ്മന്‍ പരിശീലകസ്ഥാനം ഒഴിയുന്നു
2022 വരെയാണ് 61 കാരനായ ജോക്കിമിന്റെ കരാര്‍.
ബെര്‍ലിന്‍: യൂറോ കപ്പിന് ശേഷം ജര്‍മ്മന്‍ പരിശീലകസ്ഥാനം ഒഴിയുമെന്ന് ജോക്കിം ലോ. നീണ്ട 16 വര്‍ഷത്തിന് ശേഷമാണ് ജോക്കിം ദേശീയ ടീമിന്റെ കോച്ച് സ്ഥാനം ഉപേക്ഷിക്കുന്നത്. 2022 വരെയാണ് 61 കാരനായ ജോക്കിമിന്റെ കരാര്‍. എന്നാല്‍ കരാര്‍ നീട്ടുന്നില്ലെന്നും വ്യക്തിപരമായ കാരണങ്ങളാല്‍ തല്‍സ്ഥാനത്ത് തുടരുന്നില്ലെന്നും ജോക്കിം അറിയിക്കുകയായിരുന്നു. യുര്‍ഗന്‍ ക്ലിന്‍സ്മാനില്‍ നിന്ന് 2006ലാണ് ജോക്കിം തല്‍സ്ഥാനം ഏറ്റെടുക്കുന്നത്. തന്നെ 16 വര്‍ഷത്തോളം ദേശീയ ടീമിന്റെ കോച്ചായി നിയമിച്ചത് വലിയ അംഗീകാരമായി കാണുന്നുവെന്ന് ജോക്കിം അറിയിച്ചു. ജോക്കിമിന്റെ കീഴിലാണ് ജര്‍മ്മനി 2014ല്‍ ലോകകപ്പ് ഉയര്‍ത്തിയതും 2016ല്‍ യൂറോ കപ്പ് സെമിയില്‍ കളിച്ചതും. 2018 ലോകകപ്പിന്റെ ഗ്രൂപ്പ് ഘടത്തില്‍ ടീം പുറത്തായിട്ടും ജോക്കിമിനെ ജര്‍മ്മന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നിലനിര്‍ത്തുകയായിരുന്നു.