മലപ്പുറം: കോട്ടയ്ക്കല്‍ ചെറുകുന്നില്‍ ലോറി ബൈക്കിലിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ചു. ഏഷ്യനെറ്റ് മലപ്പുറം ബ്യൂറോയിലെ കാമറാമാനായിരുന്ന തിരൂര്‍ തെക്കന്‍ അന്നാര കോടാടത്ത് വീട്ടില്‍ പരേതനായ രാവുണ്ണിയുടെ മകന് ജിതേഷ് (ജിത്തു- 45) ആണ് മരിച്ചത്. തിരൂരില്‍ നിന്നും മലപ്പുറം ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലേക്ക് പോവുന്നതിനിടെ രാവിലെ എട്ടുമണിയോടെ കോട്ടയ്ക്കല്‍ ചെറുകുന്ന് വച്ചാണ് അപകടം.
ജിതേഷ് സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ ജിതേഷിനെ കോട്ടയ്ക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആശുപത്രിയിലുള്ള മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സിറ്റി സ്കാന്‍ സ്പെഷ്യല്‍ കറസ്പോണ്ടന്റ് കൂടിയാണ് ജിതേഷ്. മാതാവ്: പ്രസന്ന. ഭാര്യ: ശ്രീജിത. മകള്‍: ഋതിമ ലക്ഷ്മി.