ജിഗ്‌നേഷ് മേവാനിയെ വേട്ടയാടുന്നവര്‍ യദുകുലനാശം ഓര്‍മിക്കുന്നത് നന്നായിരിക്കും: ജെആര്‍പി

ദേശീയ സ്വഭാവമുള്ള പട്ടികജാതി ഗോത്രവര്‍ഗ്ഗ നേതാക്കന്മാരെ തുറങ്കിലടക്കാമെന്ന അഞ്ച് ശതമാനം മാത്രം വരുന്ന സംഘപരിവാറിന്റെ അജണ്ടയ്‌ക്കെതിരേ ജനം തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല

Update: 2022-04-26 11:17 GMT

തിരുവനന്തപുരം: ഗുജറാത്ത് എംഎല്‍എ ജിഗ്‌നേഷ് മേവാനിയെ വേട്ടയാടുന്നവര്‍ യദുകുലനാശം ഓര്‍മിക്കുന്നത് നന്നായിരിക്കുമെന്ന് ജെആര്‍പി സംസ്ഥാന പ്രസിഡന്റ് പ്രസീദ അഴീക്കോടും വൈസ് പ്രസിഡന്റ് സബര്‍മതി ജയശങ്കറും മുന്നറിയിപ്പ് നല്‍കി.

രാമായണ കര്‍ത്താവും ആദിവാസിയുമായ രത്‌നാകരനെന്ന വാല്മീകി മഹര്‍ഷിയുടേയും മഹാഭാരതം പുരാണ കര്‍ത്താവും പട്ടികജാതിക്കാരനുമായ കൃഷ്ണദൈയപായനനെന്ന വേദവ്യാസമഹര്‍ഷിയുടേയും ഭരണഘടനാശില്‍ ഡോ. ബിആര്‍ അംബേദ്ക്കറുടേയും പരമ്പരയില്‍പ്പെട്ട ജിഗ്‌നേഷ് മേവാനി എംഎല്‍എയെ വീണ്ടും അറസ്റ്റ് ചെയ്തിരിക്കുകയാണ്.

ദേശീയ സ്വഭാവമുള്ള പട്ടികജാതി ഗോത്രവര്‍ഗ്ഗ നേതാക്കന്മാരെ തുറങ്കിലടക്കാമെന്ന അഞ്ച് ശതമാനം മാത്രം വരുന്ന സംഘപരിവാറിന്റെ അജണ്ടയ്‌ക്കെതിരേ ജനം തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല.

ഈ അനീതിക്കെതിരേ രണ്ടാം സ്വാതന്ത്ര്യസമരത്തിന് ജനസംഖ്യയില്‍ 37 ശതമാനം വരുന്ന പട്ടിക വിഭാഗക്കാരും മറ്റ് പിന്നാക്ക സമുദായങ്ങളും ശക്തരാണെന്ന കാര്യം ഫാഷിസ്റ്റുകള്‍ മറന്നു പോകരുത്. പട്ടിക വിഭാഗക്കാരുടെ പൈതൃകസ്വത്തുക്കള്‍ കൈക്കലാക്കി സുഖലോലുപന്മാരായി കഴിയുന്ന സവര്‍ണ ഫാഷിസ്റ്റുകള്‍ ഇത് മനസിലാക്കുന്നത് നന്നായിരിക്കും. അതുകൊണ്ട് തങ്ങളുടെ നേതാക്കന്മാരെ വേട്ടയാടുന്നത് നിര്‍ത്തിയില്ലെങ്കില്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വലിയ പ്രത്യാഘാതമുണ്ടാകുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ ഓര്‍മപ്പെടുത്തി. 

Tags:    

Similar News