സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ സമന്‍സ്
സവര്‍ക്കറിന്റെ ചെറുമകന്‍ സത്യകി സവര്‍ക്കര്‍ ആണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി പൂനെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്
പൂനെ: വി ഡി സവര്‍ക്കറിന്റെ ചെറുമകന്റെ പരാതിയില്‍ സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് പൂനെ കോടതി.സവര്‍ക്കറിന്റെ ചെറുമകന്‍ സത്യകി സവര്‍ക്കര്‍ ആണ് രാഹുല്‍ ഗാന്ധിക്കെതിരെ പരാതിയുമായി പൂനെ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. 2023 മാര്‍ച്ച് അഞ്ചിന് ലണ്ടനില്‍ രാഹുല്‍ നടത്തിയ പരാമര്‍ശമായിരുന്നു പരാതിക്കു കാരണം. താനും അഞ്ചോ ആറോ സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മുസ്ലിം സമുദായക്കാരനെ മര്‍ദിച്ചെന്നും അതില്‍ സന്തോഷമുണ്ടെന്നും സവര്‍ക്കര്‍ ഒരു പുസ്തകത്തില്‍ എഴുതിയിട്ടുണ്ടെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. എന്നാല്‍, ഒരു പുസ്തകത്തിലും അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് പരാതിക്കാരന്റെ വാദം.
സവര്‍ക്കറുടെ പ്രശസ്തിക്ക് കോട്ടം വരുത്താനും തന്നെയും തന്റെ കുടുംബത്തെയും മാനസികമായി വേദനിപ്പിക്കാനും ഉദ്ദേശിച്ചാണ് രാഹുല്‍ ഗാന്ധി സവര്‍ക്കറിനെതിരെ മനഃപൂര്‍വം ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും അവ അസത്യമാണെന്ന് മനസ്സിലാക്കിയെന്നും പരാതിക്കാരന്‍ അവകാശപ്പെട്ടു. അപകീര്‍ത്തികരമായ പ്രസംഗം ഇംഗ്ലണ്ടില്‍ നടത്തിയെങ്കിലും ഇന്ത്യ മുഴുവന്‍ പ്രസിദ്ധീകരിക്കുകയും പ്രചരിക്കുകയും ചെയ്തതോടെ അതിന്റെ ആഘാതം പൂനെയില്‍ അനുഭവപ്പെട്ടുവെന്ന് പരാതിയില്‍ പറയുന്നു. സത്യകി സമര്‍പ്പിച്ച ക്രിമിനല്‍ മാനനഷ്ട ഹര്‍ജിയില്‍ സെക്ഷന്‍ 500 (മാനനഷ്ടത്തിനുള്ള ശിക്ഷ) പ്രകാരം ഗാന്ധിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും സെക്ഷന്‍ 357 (നഷ്ടപരിഹാരം നല്‍കാനുള്ള ഉത്തരവ്) പ്രകാരം പരമാവധി നഷ്ടപരിഹാരം നല്‍കണമെന്നും പറയുന്നു.
കേസ് പരിഗണിച്ച പ്രത്യേക കോടതി കഴിഞ്ഞ ഒക്ടോബര്‍ നാലിന് രാഹുല്‍ ഗാന്ധിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സമന്‍സ് ലഭിച്ചില്ലെന്നു കാണിച്ച് ഈ തിയതി രാഹുല്‍ കോടതിയില്‍ എത്തിയില്ല. ഇതോടെ നവംബര്‍ 18ന് ഹാജരാകാന്‍ നിര്‍ദേശിച്ചു വീണ്ടും സമന്‍സ് അയച്ചു. ഈ തീയ്യതിലും കോടതിയില്‍ ഹാജരായില്ല. സമന്‍സ് ഓണ്‍ലൈനില്‍ ട്രാക്ക് ചെയ്തപ്പോള്‍ രാഹുലിനു ലഭിച്ചിട്ടുണ്ടെന്നു വ്യക്തമായെന്ന് സത്യകി സവര്‍ക്കറുടെ അഭിഭാഷകന്‍ സംഗ്രാം കോല്‍ഹാത്കാര്‍ വാദിച്ചു. അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.എന്നാല്‍, പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്കുള്ള തിരക്കുകള്‍ക്കു പുറമെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായും കഴിഞ്ഞ രണ്ടു മാസമായി വിവിധ സംസ്ഥാനങ്ങളിലാണ് രാഹുലുള്ളതെന്നും ഇതിനാലാണ് കോടതിയില്‍ ഹാജരാകാന്‍ കഴിയാതിരുന്നതെന്നും രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ മിലിന്ദ് ചൂണ്ടിക്കാട്ടി. അടുത്ത തവണ കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് എത്തുമെന്നും മിലിന്ദ് അറിയിച്ചു. തുടര്‍ന്നാണ് ഡിസംബര്‍ രണ്ടിനു നേരിട്ട് ഹാജരാകാന്‍ വേണ്ടി കോടതി രാഹുല്‍ ഗാന്ധിക്ക് സമന്‍സ് അയച്ചത്.