അറസ്റ്റ് നിയമവിരുദ്ധം: ആനന്ദ് തെല്‍തുംബ്ദെയെ വിട്ടയക്കാന്‍ കോടതി ഉത്തരവ്

എത്രയും വേഗം അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് പൂനെ പോലിസിന് കോടതി നിര്‍ദേശം നല്‍കി. ശനിയാഴ്ച പുലര്‍ച്ചെയാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് ആനന്ദ് തെല്‍തുംബ്ദെയെ പൂനെ പോലിസ് അറസ്റ്റുചെയ്തത്. എന്നാല്‍, അറസ്റ്റ് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്ന് പൂനെ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കിഷോര്‍ വധേന ചൂണ്ടിക്കാട്ടി.

Update: 2019-02-02 13:17 GMT

പൂനെ: ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ ദലിത് ചിന്തകനും എഴുത്തുകാരനുമായ ആനന്ദ് തെല്‍തുംബ്ദെയെ വിട്ടയക്കാന്‍ പൂനെ കോടതി ഉത്തരവിട്ടു. അദ്ദേഹത്തെ എത്രയും വേഗം മോചിപ്പിക്കണമെന്ന് പൂനെ പോലിസിന് കോടതി നിര്‍ദേശം നല്‍കി. ശനിയാഴ്ച പുലര്‍ച്ചെയാണ് മുംബൈ വിമാനത്താവളത്തില്‍നിന്ന് ആനന്ദ് തെല്‍തുംബ്ദെയെ പൂനെ പോലിസ് അറസ്റ്റുചെയ്തത്. എന്നാല്‍, അറസ്റ്റ് സുപ്രിംകോടതി ഉത്തരവിന്റെ ലംഘനമാണെന്ന് പൂനെ അഡീഷനല്‍ സെഷന്‍സ് ജഡ്ജ് കിഷോര്‍ വധേന ചൂണ്ടിക്കാട്ടി.

തെല്‍തുംബ്ദെയ്ക്ക് ജാമ്യം നേടുന്നതിന് നാലാഴ്ചത്തെ സമയം അനുവദിക്കുന്നതായും അതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്നും ജനുവരി 14ലെ സുപ്രിംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം ജനുവരി 14ന് ശേഷം നാലാഴ്ചയ്ക്കകം തെല്‍തുംബ്ദെയ്ക്ക് കീഴ്‌ക്കോടതിയില്‍ നിന്നോ ഹൈക്കോടതിയില്‍നിന്നോ ജാമ്യം ലഭിച്ചില്ലെങ്കില്‍ മാത്രമേ അദ്ദേഹത്തെ അറസ്റ്റുചെയ്യാനാവൂ. ഈ കാലാവധി ഫെബ്രുവരി 11നാണ് അവസാനിക്കുന്നത്. അദ്ദേഹത്തിന് സുപ്രിംകോടതിയുടെ പരിരക്ഷയുണ്ടെന്നും ഈ സാഹചര്യത്തില്‍ എത്രയുംവേഗം മോചിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. തെല്‍തുംബ്ദെയ്‌ക്കെതിരേ തെളിവുണ്ടെന്നും കേസ് നിര്‍ണായക ഘട്ടത്തിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പൂനെ കോടതി വെള്ളിയാഴ്ച അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നത്.

ഭീമ കൊരേഗാവ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ ചുമത്തിയ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതി തള്ളിയതിനെ തുടര്‍ന്നാണ് തെല്‍തുംബ്ദെ പൂനെ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. അതേസമയം, പൂനെ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ആനന്ദ് തെല്‍തുംബ്ദെയെ അറസ്റ്റുചെയ്തതെന്ന് കേസന്വേഷിക്കുന്ന പൂനെ അസിസ്റ്റന്റ് കമ്മീഷണര്‍ ഷിവാജി പവാര്‍ പ്രതികരിച്ചു. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് പൂനെയിലെ ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തിന്റെ പേരിലാണ്, ഊമക്കത്തുകളുടെ അടിസ്ഥാനത്തില്‍ തെല്‍തുംബ്‌ദെയ്‌ക്കെതിരേ യുഎപിഎ ചുമത്തിയത്.




Tags:    

Similar News