ഹാത്‌റസ് യുഎപിഎ കേസ്: മലപ്പുറം സ്വദേശി കെ പി കമാലിന് ജാമ്യം

Update: 2024-09-12 12:44 GMT
ഹാത്‌റസ് യുഎപിഎ കേസ്: മലപ്പുറം സ്വദേശി കെ പി കമാലിന് ജാമ്യം

ലഖ്‌നോ: ഹാത്‌റസ് യുഎപിഎ കേസില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന മലപ്പുറം സ്വദേശി കെ പി കമാലിന് ജാമ്യം. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 2023 മാര്‍ച്ച് മൂന്നിന് പെരിന്തല്‍മണ്ണ കീഴാറ്റൂര്‍ പൂന്താനത്തെ വീട്ടില്‍നിന്ന് ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് അറസ്റ്റ് ചെയ്ത ശേഷം യുപിയിലെ ലഖ്‌നോ ജയിലില്‍ കഴിയുകയായിരുന്നു. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ ജയിലിലടച്ച സംഭവത്തിലാണ് കെ പി കമാലിനെയും പ്രതിചേര്‍ത്തിരുന്നത്.

    യുപിയിലെ ഹാത്‌റസില്‍ 2020 സപ്തംബറില്‍ 19കാരിയായ ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സ്ഥലത്തേക്ക് പോവുകയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേയാണ് യുഎപിഎ ചുമത്തി കേസെടുത്തത്. സിദ്ദീഖ് കാപ്പനും കൂടെയുണ്ടായിരുന്ന കാംപസ് ഫ്രണ്ട് മുന്‍ നേതാക്കളും വാഹനത്തിന്റെ ഡ്രൈവറും ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായവര്‍ക്കെല്ലാം ജാമ്യം ലഭിച്ചിരുന്നു. സിദ്ദീഖ് കാപ്പനുമായുള്ള സൗഹൃദത്തിന്റെ പേരിലാണ് കെ പി കമാലിനെ പ്രതിചേര്‍ത്തത്. 20 വര്‍ഷമായി മാധ്യമമേഖലയില്‍ ജോലി ചെയ്തിരുന്ന കെ പി കമാല്‍ തേജസ് പത്രത്തില്‍ ആദ്യം കോഴിക്കോടും പിന്നീട് ഡല്‍ഹിയിലും ജോലി ചെയ്തിരുന്നു. ഈ സമയത്തുള്ള സൗഹൃദത്തിന്റെ പേരിലാണ് കെ പി കമാലിന്റെ പേരില്‍ ഹാത്‌റസ് കലാപ ഗൂഢാലോചനക്കുറ്റം ചുമത്തിയത്. ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ കോടതി വെറുതെ വിട്ടതിന്റെ പിറ്റേന്നാണ് കെ പി കമാലിനെ യു പി പോലിസ് കേരളത്തിലെത്തി അറസ്റ്റ് ചെയ്ത് യുപിയിലേക്ക് കൊണ്ടുപോയത്.

Tags:    

Similar News