ഹാത്‌റസ് യുഎപിഎ കേസ്: റഊഫ് ശരീഫ് ജയില്‍മോചിതനായി

Update: 2023-09-29 15:07 GMT

ന്യൂഡല്‍ഹി: ഹാത്‌റസ് കേസില്‍ യുപി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ച കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി റഊഫ് ശരീഫ് ജയില്‍മോചിതനായി. ലഖ്‌നോ ജയിലില്‍ നിന്നിറങ്ങിയ റഊഫ്് ശരീഫിനെ ഭാര്യ ഫാത്തിമാ ബത്തൂല്‍, മകന്‍ മിഷേല്‍, ഭാര്യാപിതാവ് മുഹമ്മദ് എന്നിവര്‍ സ്വീകരിച്ചു. 2023 ജൂലൈ ഏഴിനു യുഎപിഎ കേസില്‍ ജാമ്യം കിട്ടിയിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്നാണ് ജയില്‍മോചിതനായത്. ഇതോടെ, മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനൊപ്പം കേസില്‍ പ്രതിചേര്‍ക്കപ്പെട്ട എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു. കേന്ദ്രസര്‍ക്കാര്‍ ഒരുവര്‍ഷം മുമ്പ് നിരോധിച്ച കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന വിദ്യാര്‍ഥി സംഘടനയുടെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന റഊഫ് ശരീഫ്, മുന്‍ ദേശീയ ഖജാഞ്ചി അതീഖുര്‍റഹ്മാന്‍, ജാമിഅ മില്ലിയ്യ ഇസ് ലാമിയ്യ സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥി മസൂദ് അഹമ്മദ്, വാഹനത്തിന്റെ ഡ്രൈവര്‍ മുഹമ്മദ് ആലം എന്നിവരും ജാമ്യം കിട്ടി ജയില്‍ മോചിതരായിരുന്നു. 2020 ഡിസംബറിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ(പിഎംഎല്‍എ) വകുപ്പുകള്‍ ചുമത്തി റഊഫ് ഷെരീഫിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നാലെ, ഹാത്‌റസ് കേസിലും പ്രതിചേര്‍ത്ത് യുഎപിഎ ചുമത്തുകയായിരുന്നു.

Tags:    

Similar News