ന്യൂഡല്‍ഹി: മലയാള സിനിമയില്‍ കോളിളക്കം സൃഷ്ടിച്ച നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് സുപ്രിംകോടതിയുടെ ജാമ്യം. കേസില്‍ 2017 ഫെബ്രുവരി മുതല്‍ ജയിലില്‍ കഴിയുന്ന സുനിക്ക് ഏഴര വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ഹൈക്കോടതിയില്‍ നിന്നു ജാമ്യം ലഭിക്കാതിരുന്നതോടെയാണ് സുപ്രിംകോടതിയെ സമീപിച്ചത്. നേരത്തേ, ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി ആഗസ്ത് 27ന് മുമ്പ് മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കേസില്‍ പള്‍സര്‍ സുനി മാത്രമാണ് ജയിലില്‍ കഴിയുന്നതെന്ന് അഭിഭാഷകരായ പരമേശ്വറും ശ്രീറാം പറക്കാടും ചൂണ്ടിക്കാട്ടി. കേസിലെ പ്രതികളായ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ജാമ്യത്തില്‍ കഴിയുകയാണ്. 2017 മുതല്‍ ഒരിക്കല്‍പ്പോലും സുനിക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്ന അഭിഭാഷകരുടെ ചോദ്യം സുപ്രിംകോടതി ഹൈക്കോടതിയോട് ചോദിച്ചു. ഹൈക്കോടതി നടപടിയെ വിമര്‍ശിച്ച സുപ്രിംകോടതി, നിരന്തരം ജാമ്യാപേക്ഷ നല്‍കിയെന്ന കുറ്റത്തിന് ചുമത്തിയ പിഴ റദ്ദാക്കുകയും ചെയ്തു.