നരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക് ജീവപര്യന്തം; മൂന്നുപേരെ വെറുതെവിട്ടു
ന്യൂഡല്‍ഹി: സാമൂഹികപ്രവര്‍ത്തകന്‍ നരേന്ദ്ര ദഭോല്‍ക്കറെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രണ്ട് ഹിന്ദുത്വര്‍ക്ക് കോടതി ജീവപര്യന്തവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. മൂന്ന് പ്രതികളെ വെറുതെവിട്ടു. സച്ചിന്‍ അന്ദുരെ, ശരദ് കലസ്ര്‍ എന്നിവര്‍ക്കാണ് യുഎപിഎ കേസുകള്‍ക്കായുള്ള പൂനെ സ്‌പെഷ്യല്‍ കോടതിയിലെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി പി ജാദവ് ശിക്ഷ വിധിച്ചത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ പ്രോസിക്യൂഷന്‍ തെളിഞ്ഞതായും കോടതി ചൂണ്ടിക്കാട്ടി. അന്ദുരെയും കലസ്‌കറുമാണ് ദബോല്‍ക്കറെ വെടിവച്ചതെന്നാണ് കേസന്വേഷിക്കുന്ന സിബി ഐയുടെ കണ്ടെത്തല്‍. പ്രതികളായ ഇഎന്‍ടി സര്‍ജന്‍ വീരേന്ദ്രസിങ് താവ്‌ഡെ, സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെയാണ് തെളിവില്ലെന്നു പറഞ്ഞ് വെറുതെവിട്ടത്.
അന്ധവിശ്വാസങ്ങള്‍ക്കെതിരേ പ്രവര്‍ത്തിച്ചിരുന്ന മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയുടെ തലവനായ നരേന്ദ്ര ദബോല്‍ക്കറെ 2013 ആഗസ്റ്റ് 20ന് പൂനെയിലാണ് ഒരു സംഘം ഹിന്ദുത്വര്‍ വെടിവച്ചു കൊന്നത്. 2015 ഫെബ്രുവരിയില്‍ ഗോവിന്ദ് പന്‍സാരെയെയും അതേ വര്‍ഷം ആഗസ്റ്റില്‍ കോലാപൂരില്‍ എംഎം കല്‍ബുര്‍ഗിയെയും വെടിവെച്ചുകൊന്നതിന് പിന്നാലെയാണ് പൂനെയില്‍ ദബോല്‍ക്കറുടെ കൊലപാതകം. 2017 സപ്തംബറില്‍ മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ ബെംഗളൂരുവിലെ വീടിന് പുറത്താണ് വെടിവച്ചു കൊന്നത്. ദബോല്‍ക്കല്‍ വധക്കേസ് പൂനെ പോലിസാണ് ആദ്യം അന്വേഷിച്ചത്. ബോംബെ ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് 2014ല്‍ സിബി ഐ അന്വേഷണം ഏറ്റെടുക്കുകയും ഹിന്ദുത്വസംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ള ഇഎന്‍ടി സര്‍ജന്‍ ഡോ. വീരേന്ദ്രസിങ് തവാഡെയെ 2016 ജൂണില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൊലപാതകത്തിന്റെ സൂത്രധാരന്മാരില്‍ ഒരാളാണ് തവാഡെയെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തല്‍.
സാരംഗ് അകോല്‍ക്കര്‍, വിനയ് പവാര്‍ എന്നിവരാണ് വെടിയുതിര്‍ത്തതെന്നായിരുന്നു സിബിഐയുടെ ആദ്യകുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. പിന്നീട് സച്ചിന്‍ അന്ദുരെയെയും ശരദ് കലസ്‌കറെയും അറസ്റ്റ് ചെയ്തു. ഇവരാണ് വെടിവച്ചതെന്ന് അനുബന്ധ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. അഭിഭാഷകരായ സഞ്ജീവ് പുനലേക്കര്‍, വിക്രം ഭാവെ എന്നിവരെ ഗൂഢാലോചന കേസിലും അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.