ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ ഇന്ന് പടിയിറങ്ങും

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനി അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു.

Update: 2021-08-12 04:22 GMT

ന്യൂഡല്‍ഹി: ഒരുപിടി ചരിത്ര വിധികള്‍ എഴുതിയ ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ ഇന്ന് സുപ്രിംകോടതിയുടെ പടിയിറങ്ങുന്നു. ശബരിമല യുവതീ പ്രവേശനം, മുത്തലാഖ് വിഷയങ്ങളില്‍ ജസ്റ്റിസ് നരിമാന്റെ വിധി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.


ഭരണഘടനാ വിദഗ്ധന്‍ ഫാലി എസ് നരിമാന്റെ മകനാണ് ആര്‍ എഫ് നരിമാന്‍. 37ാം വയസില്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായി. 2011ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍ ജനറല്‍. സുപ്രിംകോടതി ജഡ്ജി പദവിയിലെത്തിയ നാലാമത്തെ അഭിഭാഷകനാണ് ഇദ്ദേഹം.


സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ഒന്‍പതംഗ ബെഞ്ചില്‍ നരിമാനുമുണ്ടായിരുന്നു. ശബരിമല യുവതീ പ്രവേശനത്തെ അനുകൂലിച്ച് സുപ്രധാന വിധിയെഴുതി. മുത്തലാഖ് ഭരണഘടന വിരുദ്ധമാണെന്ന് വിധിച്ചു. ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ എല്‍ കെ അദ്വാനി അടക്കം മുതിര്‍ന്ന ബിജെപി നേതാക്കള്‍ വിചാരണ നേരിടണമെന്ന് ഉത്തരവിട്ടു. വധശിക്ഷ ലഭിച്ച കേസുകളിലെ പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ തന്നെ വാദം കേള്‍ക്കണമെന്ന അദ്ദേഹത്തിന്റെ വിധി മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതായി.


ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാത്തതിന് എട്ട് രാഷ്ടീയ പാര്‍ട്ടികള്‍ക്ക് പിഴയിട്ടതാണ് ഒടുവിലത്തെ സുപ്രധാന വിധി. രാഷ്ടീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ വലിയ ശസ്ത്രക്രിയ തന്നെ നടത്തണമെന്ന് ഭരണനേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചുക്കൊണ്ടാണ് ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ ഇന്നലെ ഒരു കേസില്‍ വിധി പറഞ്ഞത്.


Tags:    

Similar News